ലണ്ടന്‍: പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ, തങ്ങളുടെ ഫോണ്‍ അസംബ്ലി ചെയ്യുന്നത് പൂര്‍ണ്ണമായും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റുന്നു. ഇതിന്റെ ഭാഗമായി യൂറോപ്പിലെ തങ്ങളുടെ പ്ലാന്റുകള്‍ നോക്കിയ അടച്ചു പൂട്ടുകയും ജീവനക്കാരെ മുഴുവന്‍ പിരിച്ചു വിടുകയും ചെയ്യുകയാണ്.

2010 സെപ്തംബര്‍ മുതല്‍ ഇന്നേവരെ 30,000 ത്തോളം ജീവനക്കാരെ നോക്കിയ ആകെ പിരിച്ചു വിട്ടു കഴിഞ്ഞു. ഇനി ഹംഗറിയിലെയും മെക്‌സിക്കോയിലെയും എന്തിന്, സ്വന്തം ജന്മനാടായ ഫിന്‍ലന്‍ഡിലെ പോലും ജീവനക്കാരെ പിരിച്ചു വിടാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം നോക്കിയ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാം ഏഷ്യന്‍ വിപണിയെ മുന്നില്‍ കണ്ടു കൊണ്ടും ചെലവ് ചുരുക്കല്‍ നടപടി ഫലപ്രദമാകാനും വേണ്ടിയാണ്. സ്മാര്‍ട്‌ഫോണ്‍ നിര്‍മാണം പൂര്‍ണമായും ഏഷ്യന്‍ രാജ്യങ്ങളിലേക്കു മാറ്റാനാണു നോക്കിയയുടെ നീക്കം. ചെലവു ചുരുക്കുകയല്ലാതെ പിടിച്ചുനില്‍ക്കാന്‍ നോക്കിയക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലാതായിരിക്കുന്നു. നോക്കിയയുടെ മാര്‍ക്കറ്റ് വിഹിതം ഓരോ ഏഷ്യന്‍ രാജ്യങ്ങളിലും കുറഞ്ഞു വരികയാണ്. ആന്‍ഡ്രോയിഡിന്റെ വരവോട് കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാതാക്കള്‍ എന്ന പദവി നോക്കിയക്ക് നഷ്ടമായത്.

ഫോണിന്റെ ആക്‌സസ്സറീസുകള്‍ നല്‍കുന്നത് ഏഷ്യന്‍ കമ്പനികളായതിനാല്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കു നിര്‍മാണം മാറ്റുന്നതു ലാഭകരമാകുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.

Malayalam News

Kerala News In English