ഒരു സ്മാര്‍ട്‌ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ക്യാമറക്ക് എത്ര മെഗാപിക്‌സല്‍ ഉള്ളതിനാണ് നിങ്ങള്‍ പ്രാധാന്യം നല്‍കുക? 3 ഉം 5ഉം 8ഉം മെഗാപിക്‌സലുമെല്ലാം മറന്നേക്കൂ. മെഗാപിക്‌സലുകളുടെ എല്ലാ കണക്കുകളും തെറ്റിച്ചു കൊണ്ട് 41 മെഗാപിക്‌സല്‍ ക്യാമറയുള്ള സ്മാര്‍ട്‌ഫോണ്‍ നോക്കിയ അവതരിപ്പിച്ചിരിക്കുകയാണ്.

നോക്കിയയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ 808 പ്യുവര്‍വ്യൂവിലാണ് (Nokia 808 PureView) അമ്പരിപ്പിക്കുന്ന ഈ സാങ്കേതിക മികവ് നോക്കിയ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ ‘കാള്‍ സീസ്’ (Carl Zeiss) കമ്പനിയാണ് നോക്കിയക്ക് വേണ്ടി 41 മെഗാപിക്‌സല്‍ സെന്‍സര്‍ രൂപപ്പെടുത്തിയത്. വര്‍ഷങ്ങളുടെ ഗവേഷണഫലമായാണ് പ്യുവര്‍വ്യൂ രൂപപ്പെടുത്തിയതെന്ന് കാള്‍ സീസ് അവകാശപ്പെടുന്നു.

‘പ്യുവര്‍വ്യൂ ഫോണി’ലെ ക്യാമറ ഉപയോഗിച്ച് ചിത്രമെടുക്കുമ്പോള്‍ എത്ര വലിപ്പത്തിലുള്ള ചിത്രം വേണമെന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. 2 മെഗാപിക്‌സല്‍, 3 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ എന്നിങ്ങനെ!

സൂം ചെയ്യുമ്പോഴും ചിത്രത്തിന്റെ ക്വാളിറ്റി നഷ്ടമാകാതിരിക്കല്‍, മങ്ങിയ വെളിച്ചത്തിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ പകര്‍ത്താനുള്ള സാധ്യതയൊക്കെ നോക്കിയ വാഗ്ദാനം ചെയ്യുന്നു. വലിയ റെസല്യൂഷനിള്ള വീഡിയോയും ഇതില്‍ സാധ്യമാകും.

നാലിഞ്ച് അമൊലെഡ് ഡിസ്‌പ്ലെയാണ് ഫോണിന്. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. 1.3 ജിഗാഹെഡ്‌സ് പ്രൊസസര്‍ ഫോണിന് കരുത്തു പകരുന്നു. 16 ജിബിയുള്ള ഇന്റേണല്‍ മെമ്മറി 32 ജിബി വരെ വര്‍ധിപ്പിക്കാം.

പ്യുവര്‍ വ്യൂവിനെക്കുറിച്ച് പറയാനുള്ള ഏക അപവാദം, ഈ ഫോണ്‍ നോക്കിയയുടെ സിമ്പിയന്‍ പ്ലാറ്റ്‌ഫോമിലാണ് എന്നതാണ്. ‘ലൂമിയ’യിലൂടെ പുതുതായി നോക്കിയ അവതരിപ്പിച്ച വിന്‍ഡോസ് പ്ലാറ്റ്‌ഫോമിലെങ്കിലും ഈ ഫോണ്‍ അവതരിപ്പിക്കേണ്ടതായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. വിമര്‍ശകരുടേ വാദം ന്യായമാണെന്നതില്‍ സംശയമില്ല.

മെയ് മാസത്തില്‍ നോക്കിയ 808 പ്യുവര്‍വ്യൂ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഏതാണ്ട് 34,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

മൊബൈല്‍ ഇമേജിങ് ഉപകരണങ്ങളുടെ കാര്യത്തില്‍ പുതിയൊരു നിലവാരം നിശ്ചയിക്കാന്‍ തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണിനാകും എന്നാണ് നോക്കിയ അവകാശപ്പെടുന്നത്.

Malayalam news

Kerala news in English