തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.എല്‍.എമാരും ഭരണ പക്ഷ എം.എല്‍.എമാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

രാവിലെ ചോദ്യോത്തര വേളമുതല്‍ തന്നെ പോലീസ് നടപടിവിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ അനുവദിക്കില്ലെന്ന പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഇന്നലെ മര്‍ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളും പ്രതിപക്ഷം സഭയിലെത്തിച്ചിരുന്നു.

വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു സഭയില്‍ ഇന്നത്തെ ചോദ്യോത്തരം. പോലീസ് മര്‍ദനത്തെക്കുറിച്ച് പ്രതിപക്ഷ അംഗങ്ങളില്‍ പലരും ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അത്തരം ചോദ്യങ്ങളില്‍ നിന്നും വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് ഒഴിഞ്ഞുമാറി. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തര വിഭാഗം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഉത്തരം പറയുമെന്നും അബ്ദുറബ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ ചിലപ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ ബഹളംവച്ചു.

തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആര്‍. രാജേഷ് എം.എല്‍.എയെ പോലീസ് മര്‍ദിച്ചത് ചോദ്യം ചെയ്തു. ഇതു സംബന്ധിച്ച് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും അതുണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എയുടെ കൈ അടിച്ചുപൊട്ടിച്ച പോലീസിനെതിരെ നടപടിയെടുക്കാതെ സഭ മുന്നോട്ട് പോവാനാവില്ല. പോലീസിനെ സഭയില്‍ വിളിച്ചുവരുത്തി ശാസിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആര്‍. രാജേഷിന് പോലീസ് മര്‍ദ്ദനമേറ്റിട്ടില്ലെന്നും ഡി.സി.പിയുടെ നേതൃത്വത്തില്‍ പോലീസ് അവരെ സംരക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പരിക്കേറ്റ രാജേഷിനെയും കൂട്ടി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. പ്രതീപ് കുമാര്‍, ശ്രീരാമകൃഷ്ണന്‍, ബാബു എം പാലിശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇത്.

എന്നാല്‍ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, ടി.എന്‍ പ്രതാപന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വലയം തീര്‍ത്തു. തുടര്‍ന്നാണ് എം.എല്‍.എമാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. ബഹളം ശക്തമായതോടെ സഭ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.