ന്യൂദല്‍ഹി: പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബി.ജ.പി ഇന്ന് ഉത്തര്‍പ്രദേശില്‍ കരിദിനമാചരിക്കും. അതിനിടെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നതായാണ് റിപ്പോര്‍ട്ട്.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കടുത്ത സമീപനമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. മായാവതി സര്‍ക്കാര്‍ ഹിറ്റലറെപ്പോലെയാണ് പെരുമാറുന്നതെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സൂര്യപ്രതാപ് ഷഹി ആരോപിച്ചു. കര്‍ഷകര്‍ക്കെതിരേ നടത്തിയ നടപടികള്‍ മജിസ്‌ട്രേറ്റിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ റോഡിവികസനത്തിനായി ഏറ്റെടുത്ത ഭൂമിക്ക് കൂടുതല്‍ തുക നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തില്‍ നാലുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. രണ്ടുപോലീസുകാരും രണ്ട് കര്‍ഷകരുമാണ് കൊല്ലപ്പെട്ടത്.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ യമുനാ എക്‌സ്പ്രസ് വേ പദ്ധതി നടപ്പാക്കുന്നതിനുവേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്. 111 ദിവസമായി സമരം നടന്നു വരികയായിരുന്നു. ഇതിനിടെ റോഡ് വികസനം പരിശോധിക്കാനെത്തിയ ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ (യു.പി.എസ്.ആര്‍.ടി) ജിവനക്കാരെ സമരക്കാര്‍ ബന്ദികളാക്കിയിരുന്നു. ഇവരെ രക്ഷിക്കാനായി പോലീസ് ഇടപെട്ടതാണ് പ്രശനങ്ങള്‍ വഷളാക്കിയത്. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും തുടങ്ങിയത്‌.