നോയിഡ: ഫോര്‍മുല വണ്‍ കാര്‍ റേസിനായി മൂന്നൂറിലധികം കര്‍ഷകരുടെ ഭൂമി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതിനെതിരെ പ്രതിഷേധം. നോയിഡയിലെ കനാര്‍സി വില്ലേജിലാണ് സംഭവം. ഭാരതീയ കിസാന്‍ യൂണിയന്റെ കീഴിലുള്ള സ്ഥലമാണ് കര്‍ഷകരുടെ ആവിശ്യങ്ങള്‍ പരിഗണിക്കാതെയും ഭീഷണിപ്പെടുത്തിയും ഏറ്റെടുത്തിരിക്കുന്നത്. റേസിംഗ് ട്രാക്കിന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥലമേറ്റെടുപ്പ് നടത്തിയത്.

എട്ട് മണിക്കൂര്‍ നേരത്തെ പ്രക്ഷുബ്ധമായ ചര്‍ച്ചക്ക് ശേഷം കൂടുതല്‍ നഷ്ടപരിഹാരവും മേഖലയിലെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണവും ആവിശ്യപ്പെട്ടു കൊണ്ടുള്ള കത്ത് യമുന എക്‌സ്പ്രസ്സ്‌വേ അതോറിറ്റിക്ക് കര്‍ഷകര്‍ കൈമാറി. തങ്ങളുടെ കത്ത് നിസ്സാരമായി തള്ളിക്കളഞ്ഞാല്‍ പ്രക്ഷോഭം നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരംഭിക്കാന്‍ പോകുന്ന വ്യവാസായ സ്ഥാപനങ്ങള്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഭാവിയില്‍ തൊഴില്‍ നേടാനുതകുന്നതായിരിക്കണമെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യവസായത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ടും മറ്റു പ്രശ്‌നങ്ങളിലൂടെയും കുറേകാലമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രദേശമാണ് ഉത്തര്‍ പ്രദേശിലെ നോയിഡ.