എഡിറ്റോ-റിയല്‍/ബാബുഭരദ്വാജ്

ക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയെ ഏറ്റവും അപ്രധാന വാര്‍ത്ത എന്ന നിലയിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ ദൃശ്യമാധ്യമങ്ങള്‍ ഏറ്റവും അപ്രധാന വാര്‍ത്തകളെ പോലും പൊലിപ്പിച്ചെടുക്കാറുണ്ട്. വാര്‍ത്താ സമയങ്ങളില്‍ അതിനെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാറുമുണ്ട്. ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ചാനലുകളിലെ ഏതുതരം ചര്‍ച്ചകളിലും പങ്കെടുക്കുന്ന സ്ഥിരം ചാനല്‍ കുരുവികളായതുകൊണ്ട് ചര്‍ച്ചകള്‍ കാണാതെയും കേള്‍ക്കാതെയും രക്ഷപ്പെട്ടതില്‍ തെല്ലൊരു സന്തോഷവും തോന്നി.

ഇന്ത്യയില്‍ എല്ലായിടത്തും ഇനി സംഭവിക്കാന്‍ പോകുന്ന സംഭവ പരമ്പരകളുടെ ആദ്യ വെടിവെയ്പ്പാണ് ഏഴാം തീയ്യതി ശനിയാഴ്ച നോയിഡയില്‍ മുഴങ്ങിയത്. നോയിഡയില്‍ മാത്രമല്ല കേരളത്തിലും ഇതിന്റെ അലയൊലികള്‍ ഉയരും. വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍, ഭൂമി കച്ചവടമാക്കുന്നതിനും പിടിച്ചുവെയ്ക്കുന്നതിനും സാധാരണ ജനങ്ങളെ കുടിയിറക്കുന്നതിനും അവരുടെ ഭൂമി തട്ടിപ്പറിച്ചെടുക്കുന്നതിനും എതിരെ ഇന്ത്യയില്‍ എല്ലാ ഭാഗത്തും ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ഇത്തരം തട്ടിപ്പറിക്കലുകളെ പ്രതിരോധിക്കാനും ഈ അനീതിക്കും സര്‍ക്കാരുകളുടെ ഏറ്റവും ക്രൂരമായ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കാനും കഴിയാതിരുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ ഒടുക്കം ആയുധം കയ്യിലെടുക്കേണ്ടിവന്നിരിക്കുന്നു. ആയുധമെടുക്കാതെ അതിജീവനം സാധ്യമല്ലെന്ന അവസ്ഥയിലേക്ക് ജനങ്ങളെ എത്തിച്ചത് ഇവിടത്തെ ഭരണകൂടമാണ്.

യമുന എക്‌സ്പ്രസ്‌വേക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കുറച്ചുകാലമായി യമുനാ തീരങ്ങളിലെ കര്‍ഷകര്‍ സമരത്തിലായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാരടക്കം നാല് പേരാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ത്തിനൊടുവില്‍ ഗൗതം ബുദ്ധ നഗര്‍ ജില്ലാ കലക്ടര്‍ക്കും വെടിയേറ്റു. സമരക്കാര്‍ ബന്ദികളാക്കിയ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഒരു വലിയ സംഘം പോലീസ് സര്‍വ്വവിധ സന്നാഹങ്ങളോടും കൂടി എത്തിയതിനെത്തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

ആഗ്രയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡവരെ ആറുവരി പാത നിര്‍മ്മിക്കലാണ് യമുനാ എക്‌സ്പ്രസ്‌വേ പദ്ധതി. എട്ടുവരിപ്പാതയായി പിന്നീടത് വികസിപ്പിക്കും. ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ ഈ നീക്കത്തിനെതിരെ നേരത്തെ തന്നെ സമരം ആരംഭിച്ചിരുന്നു. 1987 മുതലേ എക്‌സ്പ്രസ്‌വേക്കുവേണ്ടി പിടിച്ചടക്കിയ സ്ഥലങ്ങളിലെല്ലാം സമരം നടക്കുന്നു. ചിലയിടങ്ങളില്‍ സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെയാണ് സമരമെങ്കില്‍ ചിലയിടത്തെല്ലാം ന്യായമായ നഷ്ടപരിഹാരം കിട്ടാത്തതിനെതിരെയാണ് സമരം. ജനങ്ങളില്‍ നിന്ന് ചതുരശ്ര മീറ്ററിന് 880 രൂപാ നല്‍കി ഏറ്റെടുക്കുന്ന ഭൂമി ഭൂമാഫിയക്ക് 6700 രൂപക്കാണ് സര്‍ക്കാര്‍ കൈമാറുന്നത്. അതിനാല്‍ അത്രയും തുക ജനങ്ങള്‍ക്ക് കിട്ടണമെന്ന ആവശ്യം ന്യായമാണ്. ഭൂമാഫിയ ഈ ഭൂമികൊണ്ട് എത്രയാണ് സമ്പാദിക്കുന്നത്!

ഗ്രേറ്റര്‍ നോയിഡയുടെ പ്രാന്തപ്രദേശമായ ഭട്ട പരെസൗള്‍ ഗ്രാമത്തിലാണ് ശനിയാഴ്ച സംഘര്‍ഷവും വെടിവെയ്പ്പും നടന്നത്. ഇവിടെ സമരം ആരംഭിച്ചിട്ട് 111 ദിവസമായി. കേരളത്തില്‍ കിനാലൂരിലും ആറുവരിപ്പാതക്കെതിരായിരുന്നു സമരമെന്നോര്‍ക്കുമല്ലോ? ഇവിടെ ഭൂമി പിടിച്ചെടുക്കുന്നതിനെതിരെ പ്രതിഷേധിച്ച ഗ്രാമവാസികളെ വീടുകളില്‍ കയറി മര്‍ദ്ദിക്കുകയാണ് കേരള സര്‍ക്കാരിന്റെ പോലീസ് ചെയ്തത്. എന്നാല്‍ യമുനാതീത്തിലെ ഗ്രാമവാസികള്‍ ‘അടിച്ചാല്‍ തിരിച്ചടിക്കും’ എന്ന സന്ദേശമാണ് നല്‍കുന്നത്.

സമരക്കാരുടെ ആവശ്യം ന്യായമായിരുന്നു. ഭൂമി വിട്ടു കൊടുക്കില്ലെന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. അവര്‍ ചില ന്യായമായ ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്.

(i) സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥല വിസ്തൃതി അന്യായമാണ്. ആറുവരിപ്പാതക്കും എട്ടുവരിപ്പാതക്കും ഇപ്പറഞ്ഞത്ര സ്ഥലം വേണ്ട. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതന്റെ പകുതി മതി. സര്‍ക്കാര്‍ പോറ്റി വളര്‍ത്തുന്ന ചില ഭൂമാഫിയകള്‍ക്ക് വേണ്ടിയാണ് സാധാകരണ ജനങ്ങളുടെ സ്ഥലം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. (കിനാലൂരിന്റെയും കേരളത്തിലെ അതിവേഗ പാതയുടെ നിര്‍മ്മാണത്തിലും ഇതേ പ്രശ്‌നമാണുള്ളത്.)

(ii)ഏറ്റെടുക്കുന്ന സ്ഥലത്തിന് അഞ്ച് ലക്ഷം രുപ നഷ്ടപരിഹാരം നല്‍കണം.

(iii) ഭൂമി ഇല്ലാതാകുന്ന കര്‍ഷകന് 120 ച.മീ സ്ഥലവും നല്‍കണം. അതായത് മൂന്ന് സെന്റ് സ്ഥലം.

(iv) നോയിഡ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളിലും യമുന എക്‌സ്പ്രസ് വേയുടെ ഇരു വശങ്ങളിലും വരുന്ന പദ്ധതികള്‍ 25 ശതമാനം സംരണം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കണം.

ജനങ്ങളെ സായുധ കലാപത്തിലേക്കെത്തിച്ചത് സര്‍ക്കാരിന്റെ കടുത്ത ചില നടപടികളും ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കാന്‍ സര്‍ക്കാര്‍ മാഫിയകളെ ഉപയോഗിച്ചതുമാണ്. വെള്ളിയാഴ്ച രാത്രിയാണ് ഹരിറാം എന്ന 24 വയസ്സുകാരനെ ജില്ലാ ഭരമകൂടത്തിന്റെ ഒത്താശയോടെ വെടിവെച്ച് കൊന്നത്. സമരത്തിന് നേതൃത്വം നല്‍കുന്ന മന്‍വീര്‍ തേവാഡിയയെ കൊലപ്പെടുത്താനായി നിയോഗിച്ച മൂന്നംഗ സംഘമാണ് ഹരിറാമിനെ കൊലപ്പെടുത്തിയതെന്നാണ് പറയപ്പെടുന്നത്.

ഈസംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെട്ടത്. അതിനവര്‍ ആദ്യം കയ്യില്‍ കിട്ടിയ മൂന്ന് സര്‍ക്കാര്‍ ജീവനക്കാരെ ബന്ദികളാക്കി. മുഖ്യമന്ത്രി മായാവതി ഇടപെടാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് അവര്‍ ഉറപ്പിച്ച് പറയുകയും ചെയ്തു. ബന്ദികളെ ഉപദ്രവിക്കില്ലെന്ന് ഉറപ്പും അവര്‍ നല്‍കിയിരുന്നു. കൂടിയാലോചന വഴി ലഘൂകരിക്കേണ്ട സംഘര്‍ഷത്തെ ഭരണകൂടത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ച് ആളിക്കത്തിക്കാനാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ ആരംഭിച്ച അക്രമാസക്തസമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചുകെണ്ടിരിക്കുകയാണ്. കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിച്ച് സമരം മര്‍ദ്ദിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മതിയായ നഷ്ടപരിഹാരം എന്നത് സര്‍ക്കാരിന്റെ അജണ്ടയിലേ ഇല്ല. സര്‍ക്കാര്‍ ഇന്നലെ പുതുതായിയിറക്കിയ ഉത്തരവില്‍ സമരത്തിന് നേതൃത്വം കൊടുക്കുന്നവരെ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സമര നേതാവ് മന്‍വീര്‍ തേവാഡിയയെ പിടികൂടാന്‍ ആയിരക്കണക്കിന് പോലീസ്സുകാരെയാണ് ഇറക്കിയിരിക്കുന്നത്. ഇത്തരം അതിനീചമായ കുതന്ത്രങ്ങള്‍കൊണ്ടൊന്നും ജനങ്ങളുടെ ഉള്ളില്‍ ആളിക്കത്തുന്ന തീ അണക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. എരിതീയ്യില്‍ എണ്ണ ഒഴിക്കുന്ന അനുഭവം ആയിരിക്കും ഉണ്ടാകുക.

ആരുടെയൊക്കെയോ വികസനത്തിനുവേണ്ടി ജനങ്ങളെ പിടിച്ചുപറിക്കുകയും കൊന്നൊടുക്കുകയും മര്‍ദ്ദിച്ചൊതുക്കുകയും ചെയ്യുന്നതിനെതിരെ ജനമനസാക്ഷി ഉണരുകയും സമരസന്നദ്ധമാവുകയും ചെയ്യും. പഴയതുപോലെ ‘ഞങ്ങള്‍ ആജ്ഞാപിക്കും, നിങ്ങള്‍ കീഴടങ്ങകയും അനുസരിക്കുകയും വേണം’ എന്ന അധികാരത്തിന്റെ മുഷക്ക് ജനങ്ങള്‍ ഇനി സ്വീകരിക്കാന്‍ പോവുന്നില്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ അടുത്ത തിരഞ്ഞടുപ്പ് വരെ കാത്തിരിക്കാനും ഇനി ജനങ്ങള്‍ തയ്യാറായി എന്നുവരില്ല. തിരഞ്ഞടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരുടെ കൊടിയുടെ നിറം എന്തായാലും അവരെല്ലാം ഈ വികസന മാഫിയകളുടെ വൈതാളികരായിരിക്കുമെന്ന് ജനങ്ങള്‍ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. കേരളത്തിന്റെയും ബംഗാളിന്റെയും പാഠം അതാണ്.

നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ ജനങ്ങള്‍ പേടിക്കുന്ന ഒരവസ്ഥയിലേക്കാണ് സംഭവഗതികള്‍ നീങ്ങുന്നത്. ജനാധിപത്യം ജനങ്ങളുടെ ആധിപത്യമാകുന്നതിനുപകരം ജനങ്ങളുടെ മേലുള്ള ആധിപത്യമാവുന്നത് എന്തായാലും ചെറുത്തേ പറ്റു.

യമുനാ തീരത്തു മാത്രമല്ല എക്‌സ്പ്രസ്‌വേകള്‍ ഉള്ളത്. അത്തരം പദ്ധതികള്‍ എല്ലായിടത്തുമുണ്ട്. ഈ പദ്ധതികളുടെയെല്ലാം സ്വഭാവം ഒന്നാണ്. സര്‍ക്കാരും ഭൂമാഫിയകളും ചേരുന്ന ഒരു കെള്ള സംഘമാണ് ഈ വികലമായ വൈതാളികര്‍.

ഈ കൊള്ള സംഘത്തിനെതിരെ അടങ്ങിയിരിക്കാന്‍ ജമങ്ങള്‍ക്കിനി മനസ്സില്ല.

യമുനാതീരത്തെ കര്‍ഷകര്‍ ആദ്യമായിട്ടല്ല തുറന്ന സമരത്തിന് തയ്യാറാകുന്നത്. 2008 ആഗസ്റ്റില്‍ പോലീസുമായുള്ള സംഘര്‍ഷത്തില്‍ 4 പേര്‍ മരിച്ചിരുന്നു. 66 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഇവര്‍ പോലീസ്സുകാരുടെ തടങ്കലിലാണോ ഭൂമാഫിയയുടെ പിടിയിലാണോ എന്നൊന്നും അറിയില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയില്ല. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഒരു വിട്ടുവീഴുചക്കും തയ്യാറാവാന്‍ ഇടയില്ല. പുതുതായി രൂപം കൊള്ളുന്ന പൊതുബോധം ഈ സമരത്തിനനുകൂലമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സര്‍ക്കാരുകളെ പഴയപോലെ ഭരിക്കാന്‍ ജനങ്ങള്‍ അനുവദിക്കാതിരിക്കുന്ന കാലത്തിലേക്കാണ് സംഭവങ്ങള്‍ മാറുന്നത്. രക്തസാക്ഷികളുടെ രക്തം മത്രമല്ല കാണാതാവുന്നവരുടെ ഊര്‍ജ്ജം കൂടിയാണ് ഈ സമരത്തെ ആളിക്കത്തിക്കുന്നത്.