ന്യൂദല്‍ഹി: കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരുന്ന നോയ്ഡയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നുവെന്ന് സൂചന. അതിനിടെ പ്രക്ഷോഭമേഖല സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാവ് രാജ്‌നാഥ് സിംഗ് അടക്കമുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സമാജ് വാദിപാര്‍ട്ടി നേതാവ് ശിവപാല്‍ യാദവിന്റെ സഹോദരനും അറസ്റ്റിലായിട്ടുണ്ട്. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം നടത്താനൊരുങ്ങവേയാണ് അറസ്റ്റുണ്ടായത്.

കരിദിനം ആചരിക്കുന്നു
അതിനിടെ പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബി.ജ.പി ഇന്ന് ഉത്തര്‍പ്രദേശില്‍ കരിദിനമാചരിക്കും. അതിനിടെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുന്നതായാണ് റിപ്പോര്‍ട്ട്.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ കടുത്ത സമീപനമാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്. മായാവതി സര്‍ക്കാര്‍ ഹിറ്റലറെപ്പോലെയാണ് പെരുമാറുന്നതെന്നും സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സൂര്യപ്രതാപ് ഷഹി ആരോപിച്ചു. കര്‍ഷകര്‍ക്കെതിരേ നടത്തിയ നടപടികള്‍ മജിസ്‌ട്രേറ്റിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.