kapil-sibalന്യൂദല്‍ഹി: നിയമങ്ങളുണ്ടാക്കുന്നതില്‍ പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണം ഭാവിയിലുണ്ടാകില്ലെന്ന് കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്‍ കരട് തയാറാക്കാനുള്ള ശ്രമം കീഴ്‌വഴക്കമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അണ്ണാ ഹസാരെയുടെ നിരാഹാര സത്യഗ്രഹത്തെത്തുടര്‍ന്നാണു, ലോക്പാല്‍ ബില്‍ കരടിനു രൂപം നല്‍കാന്‍ പൗരസമൂഹ പ്രതിനിധികള്‍ അടങ്ങിയ സമിതിക്കു രൂപം നല്‍കിയത്. അപ്പോള്‍ നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ കൈക്കൊണ്ട തീരുമാനമായിരുന്നു അതെന്നും ഇനി ഇതു കീഴ്‌വഴക്കമല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാക്കിയ ലോക്പാല്‍ കരട് ബില്ലില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും പൗരപ്രതിനിധികളുമായുള്ള ചര്‍ച്ചക്കുശേഷം മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തയ്യാറാക്കിയ കരട് അന്തിമരൂപമല്ലെന്നും രാഷ്ട്രീയ കക്ഷികള്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലഭിക്കുന്നതോടെ ഇനിയും മാറ്റങ്ങള്‍ക്കു വിധേയമാകുമെന്നും സിബല്‍ വ്യക്തമാക്കി. ലോക്പാല്‍ ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത ഞായറാഴ്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംങ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.