dorisslessing

ലണ്ടന്‍: പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ഡോറിസ് ലെസ്സിംഗ് അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ലണ്ടനിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 2007ലാണ് ഡോറിസിന് സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചത്.

ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. നോവലുകളും, ചെറുകഥകളും, സംഗീതനാടകങ്ങളും കവിതകളും ഉള്‍പ്പെടെ അറുപതോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഇതില്‍ അഞ്ചെണ്ണം ആത്മകഥാംശമുള്ള ‘ചില്‍ഡ്രണ്‍ ഓഫ് വയലന്‍സ്’ സീരീസാണ്.

മാര്‍ത്താ ക്വസ്റ്റ് സീരീസെന്നും ഇത് അറിയപ്പെടുന്നു. ഈ സീരീസിലെ അവസാനത്തെ പുസ്തകമായ ‘ദ ഫോര്‍ഗേറ്റഡ് സിറ്റി’ ഒരു മാസ്റ്റര്‍പീസ് രചനയായി കണക്കാക്കപ്പെടുന്നു.

ആഫ്രിക്കന്‍ പശ്ചാത്തലത്തിലുള്ള ഈ രചന 1952 – 69 കാലഘട്ടത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.എങ്കിലും 1962ല്‍ പ്രസിദ്ധീകരിച്ച ‘ദ ഗോള്‍ഡന്‍ നോട്ട്ബുക്കി’ലൂടെയാണ് ഡോറിസ് ആഗോള പ്രശസ്തി നേടിയത്.

1950ലാണ്  ആദ്യനോവല്‍ ‘ദ ഗ്രാസ് ഈസ് സിംഗിംഗ്’ പ്രസിദ്ധീകരിച്ചത്. വെള്ളക്കാരനായ ജന്മിയുടെ ഭാര്യയും അവളുടെ കറുത്തവംശജനായ ഭൃത്യനും തമ്മിലുളള ബന്ധത്തിന്റെ കഥയാണ്.

1973ല്‍ പ്രസിദ്ധീകരിച്ച ”ദ സമ്മര്‍ ബിഫോര്‍ ഡാര്‍ക്ക്’, 1988ല്‍ പുറത്തിറങ്ങിയ ‘ദ ഫിഫ്ത്ത് ചൈല്‍ഡ്’ എന്നിവയും ശ്രദ്ധ പിടിച്ചുപറ്റി. പിന്നീടവര്‍ സയന്‍സ് ഫിക്ഷനിലേക്കു ചുവടുമാറ്റി.

ആണവയുദ്ധാനന്തരമുള്ള മനുഷ്യവംശത്തിന്റെ വികസനത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന സയന്‍സ് ഫിക്ഷന്‍ സീരീസ് യുദ്ധത്തിന്റെ ദുരിതമുഖം വ്യക്തമാക്കുന്നതുകൂടിയായിരുന്നു.

കോളനിവത്കരണം, ആണവയുദ്ധം, പരിസ്ഥിതി നാശം എന്നിവയെപ്പറ്റിയൊക്കെയുള്ള ആശങ്കകള്‍ അവരുടെ രചനകളില്‍ നിഴലിച്ചുനിന്നു. 1919ഒക്‌റ്റോബര്‍ 22ന് പേര്‍ഷ്യയിലാണ് ലെസ്സിംഗിലാണ് ജനനം. ബ്രിട്ടീഷുകാരായ മാതാപിതാക്കളോടൊപ്പം എട്ടാം വയസില്‍ സിംബാബ്‌വേയിലേക്ക്.

ഇവിടത്തെ കൃഷിയിടത്തില്‍ വളര്‍ന്ന ഡോറിസിന്റെ ജീവിതത്തിലെ ദുരിതപൂര്‍ണമായ ഏകാന്തതയായിരുന്നുവത്രേ ഇവരെ പില്‍ക്കാലത്ത് സാഹിത്യകാരിയാക്കിയത്.

1939 ല്‍ ഫ്രാങ്ക് വിസ്ഡമിനെ വിവാഹം കഴിച്ചു. ഫ്രാങ്കുമായുള്ള ബന്ധം നാലു വര്‍ഷമേ നീണ്ടുനിന്നുള്ളൂ.ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. 1945ല്‍ ജര്‍മന്‍ യഹൂദ കുടിയേറ്റക്കാരനും ഇടതുപക്ഷ പ്രവര്‍ത്തകനുമായിരുന്ന ഗോഥിഫ്രീഡ് ലെസിംഗുമായി വിവാഹം.

1949 ല്‍ ആ ബന്ധവും വേര്‍പെട്ടു. ആ വിവാഹത്തിലുണ്ടായ കുട്ടിയുമായി ബ്രിട്ടനിലെത്തിയ ഡോറിസ് ലെസ്സിംഗ് അവിടെ സ്ഥിരതാമസമാക്കി. 1952 ല്‍ ബ്രീട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അവര്‍ ആണവായുധങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ മുന്നണിയിലുണ്ടായിരുന്നു.