എഡിറ്റോ-റിയല്‍/ബാബു ഭരദ്വാജ്

പോര്‍മുഖങ്ങളില്‍ അടിപതറാതെ പടപൊരുതി നില്‍ക്കുന്ന മൂന്ന് സ്ത്രീകള്‍ക്ക് ഇക്കൊല്ലത്തെ നൊബേല്‍ പുരസ്‌കാരം നല്‍കുന്നതുവഴി നൊബേല്‍ പുരസ്‌കാര സമിതി സ്വയം സമ്മാനിതരായിരിക്കുന്നു. ഇനിയുള്ള കാലത്തെ ബഹുജനമുന്നേറ്റത്തിന്റെ തേരാളികള്‍ ലോകത്തിലെ സ്‌ത്രൈണ ശക്തിയായിരിക്കുമെന്നതിന്റെ അംഗീകാരം കൂടിയാണ് ഈ പ്രഖ്യാപനത്തില്‍ അടങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ മിഥോളജിയില്‍ ശക്തിയുടെ സ്വരൂപം സ്ത്രീയാണ്. ഭാരതത്തിലെ അതിപൂരാതന മാനവന്‍ അതിജീവനത്തിന്റെ ആദിമന്ത്രമായി സ്ത്രീയെ കണ്ടിരുന്നു. അതിനെ നിഷേധിക്കാനും നിരാകരിക്കാനും വൈദിക കാലത്ത് ഏറെ ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇന്ത്യക്കാരന്‍ അന്നും ഇന്നും അമ്മ ദൈവസങ്കല്‍പത്തെ ആശ്രയിച്ചു. കേരളത്തില്‍ തന്നെ നാടെങ്ങും ഏറ്റവും കൂടുതല്‍ ആരാധനാലയങ്ങള്‍ ഭഗവതിക്കാവുകളും അമ്പലങ്ങളുമാണ്. മിക്കവാറും എല്ലാ ആവാസകേന്ദ്രങ്ങളുടേയും പരദേവതകള്‍ ഈ അമ്മ ദൈവങ്ങളാണ്.

മൂന്ന് സ്ത്രീകള്‍ക്കായി പകുത്തു നല്‍കിയ നൊബേല്‍ പുരസ്‌കാരം ലോകത്തിലെ സ്ത്രീജനങ്ങളെ മാത്രമായിരിക്കില്ല സന്തോഷിപ്പിക്കുന്നത്, മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതുന്ന എല്ലാ പോരാളികളെയും ഉത്തേജിതരാക്കും. അത് ജനാധിപത്യങ്ങള്‍ക്ക് പുതിയ ഉണര്‍വും ചൂടും ആവേശവും പകരും. അവരുടെ ഈ പുരസ്‌കാര ലബ്ധിയില്‍ അവര്‍ക്കൊപ്പം ഞങ്ങളും ആഹ്ലാദിക്കുന്നു.

തവക്കുല്‍ കര്‍മാനും, ലീമാ സോവിയും, എല്ലെന്‍ ജോണ്‍സണ്‍ സിര്‍ലീഫും ഈ പുരസ്‌കാരത്തിന് എന്തുകൊണ്ടും അര്‍ഹരാണ്. സീര്‍ലീഫിനെതിരെ എതിരാളികള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെങ്കിലും ദീര്‍ഘകാലത്തെ ആഭ്യന്തരയുദ്ധം തളര്‍ത്തിയ ലൈബീരിയയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തിയതും ജനാധിപത്യത്തിന് കാവല്‍ നിന്നതും ഈ കരുത്തുള്ള വനിതയാണെന്ന കാര്യത്തില്‍ സന്ദേഹിക്കേണ്ട കാര്യങ്ങള്‍ ഒന്നുമില്ല. അര്‍ഹരായ പലര്‍ക്കും ഒരു പാരിതോഷികമായി സമ്മാനിക്കാറുള്ളതും സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്താറുള്ളതുമായ ഈ പുരസ്‌കാരം പോരാളികളുടെ കൈകളില്‍ത്തന്നെ എത്തിയെന്നതില്‍ സന്തോഷിക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ മേധാപട്കറേയും ഇറോം ഷര്‍മിളയേയും അവഗണിച്ചുവെന്നതിന്റെ ഇച്ഛാഭംഗവും ഞങ്ങള്‍ മറച്ചുവയ്ക്കുന്നില്ല.

സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ഇത്തവണ പങ്കുവെയ്ക്കപ്പെട്ടത് ആഫ്രിക്കന്‍ വനിതകള്‍ക്കാണെന്നതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടുന്നവരും അനീതിക്കെതിരെ പൊരാടുന്നവരും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഈ പുരസ്‌കാര ലബ്ധിയില്‍ ആഹ്ലാദിക്കും. ‘ അസാധാരണമായ കരുത്തും ധൈര്യവും പ്രതിബന്ധതയും’ കാണിച്ച മൂന്നു സ്ത്രീകള്‍ക്കാണ് പുരസ്‌കാര ലബ്ധി എന്നത് ഭയരഹിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി ലോകത്തിന്റെ സ്‌െ്രെതണശക്തിയെ ഉത്തേജിതമാക്കും.

സമൂഹത്തെ സൃഷ്ടിക്കുകയും പരിപാലിക്കുകയും പോഷിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നത് ഈ സ്‌ത്രൈണ ശക്തിയുടെ പേലവ കോമള കരാംഗുലികളും മാതൃത്വത്തിന്റെ കരുതലും കരുണയും സ്‌നേഹവും വാത്സല്യവും ഉത്കണ്ഠകളും കിനാവുകളുമാണല്ലോ? അവരുടെ സഹനവും സഹിഷ്ണുതയുമാണ് സമാധാനത്തിന്റെ ജീവനമന്ത്രം. അവരെന്നും വഹിക്കുന്ന സര്‍വം സഹകളാകണമെന്നോ എല്ലാ പ്രത്യാക്രമങ്ങളോടും സഹിഷ്ണുതയോടെ പ്രതികരിക്കണമെന്നോ ഇപ്പറഞ്ഞതിന് അര്‍ത്ഥമില്ല എന്നുകൂടി ഞങ്ങള്‍ സൂചിപ്പിക്കുന്നു.

അറബ് വസന്തത്തിന്റെ വാര്‍ത്തകളില്‍ നിരന്നുനിന്നത് സ്ത്രീകളാണ്. പാതിവെന്ത ആഹാരപദാര്‍ത്ഥങ്ങള്‍ ചട്ടിയില്‍തന്നെ അവശേഷിപ്പിച്ച് തീകെടുത്തി അടുക്കള വാതില്‍ ചാരി കലാപത്തിന്റെ വാതിലുകള്‍ തുറന്ന് സമരത്തിന്റെ തീയിലേക്ക് ഇറങ്ങിത്തിരിച്ച സ്ത്രീകളെപ്പറ്റി ഒരുപാടു വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ഹുസ്‌നി മുബാറക് രാജി വച്ചൊഴിയുന്നതുവരെ അവര്‍ രാപ്പകലുകള്‍ തെരുവിലായിരുന്നു. വിജയത്തിന്റെ ലഹരികൊണ്ടാണവര്‍ പിന്നെ അടുക്കളയില്‍ തീപൂട്ടിയത്. അടുക്കളയും സ്ത്രീയുമായി ഇതിനെ ബന്ധിപ്പിക്കുന്നത് സ്ത്രീകള്‍ അടുക്കളക്കാരികളായിരിക്കണമെന്ന നിര്‍ബന്ധം കൊണ്ടല്ല, അത്തരമൊരു പുരുഷ മനസ്സ് ഞങ്ങള്‍ക്കില്ല.

റഷ്യന്‍ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികള്‍ ഫാക്ടറികള്‍ ഉപേക്ഷിച്ചിറങ്ങിയ തൊഴിലാളികളാണെങ്കില്‍ റഷ്യന്‍ വിപ്ലവത്തെ ജ്വലിപ്പിച്ചെടുത്തത് തെരുവിലിറങ്ങിയ സ്ത്രീകളാണ്. പട്ടിണികിടക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാവശ്യപ്പെട്ടു അവര്‍ തെരുവിലിറങ്ങി നടത്തിയ കലാപങ്ങളാണ് റഷ്യന്‍ വിപ്ലവത്തിന്റെ പ്രേരക ശക്തികളില്‍ പ്രധാനം.

ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന പ്രാദേശിക സമരങ്ങളുടെ നായികമാര്‍ പ്രധാനമായും സ്ത്രീകളാണ്. ജലത്തിനും ഭുമിയും പരിസ്ഥിതി നാഗത്തിനുമെതിരെയുള്ള എല്ലാ പ്രാദേശിക സമരങ്ങളുടേയും മുന്‍നിരയില്‍ അവരാണുള്ളത്. ഈ വീരനായികമാര്‍ക്കെല്ലാവര്‍ക്കും കൂടിയാണ് തവക്കുല്‍ കര്‍മാനും മറ്റ് രണ്ടുപേരും ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.

സ്ത്രീകളുടെ സംഘശക്തിയെ ഞങ്ങള്‍ അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു.