സൂരാജ് പിവി

നൊബേല്‍ പുരസ്‌കാരം മറ്റൊരു മനുഷ്യാവകാശപ്രവര്‍ത്തകനെക്കൂടി അംഗീകരിച്ചിരിക്കുന്നു. ചൈനയുടെ ഉരുക്കുമുഷ്ടിയില്‍ തകര്‍ന്നുപോയിട്ടും മനുഷ്യാവകാശത്തിന്റേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയും ജ്വാല ലിയു സിയാബോയ്ക്കാണ് ഇത്തവണത്തെ സമാധാന നൊബേല്‍.

എന്നാല്‍ പുരസ്‌കാരവിവരം ലിയു അറിഞ്ഞിട്ടുപോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനാധിപത്യമൂല്യങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കുംവേണ്ടി ലിയു നടത്തിയ പോരാട്ടങ്ങളല്ല ഇവിടെ ചര്‍ച്ചയാകുന്നത്. താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന് വാദിക്കുന്ന ചൈനയും മനുഷ്യാവകാശത്തിന്റെ കാവലാളായി രംഗത്തെത്തിയ അമേരിക്കയും നടത്തുന്ന വാഗ്വാദങ്ങള്‍ക്കാണ് അന്താരാഷ്ട്രസമൂഹം സാക്ഷിയാകുന്നത്.

നോബല്‍ സമ്മാനജേതാവിനേക്കാളുപരി ചൈനയും അമേരിക്കയും നടത്തുന്ന പരസ്പരകലഹത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.

മനുഷ്യാവകാശധ്വംസനത്തിന്റെ ചൈനീസ് മുഖം

സാമ്പത്തിക വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറി മുന്നേറുമ്പോഴും അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുടെ വായ്മൂടിക്കെട്ടുന്ന ദുരവസ്ഥയാണ് ചൈനയിലുള്ളത്. 61 വര്‍ഷം മുമ്പ് തുടങ്ങിയ കമ്മ്യൂണിസ്റ്റ് അധീശത്വം അതികര്‍ശനമായി ഇന്നും തുടരുന്നു. 20 വര്‍ഷം മുമ്പുനടന്ന ടിയാനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ത്ഥിപ്രക്ഷോഭത്തില്‍ അറസ്റ്റുചെയ്യപ്പെട്ടതു മുതല്‍ ചൈനീസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ് സിയാബോ.

ഇത്തവണത്തെ സമാധാന നൊബേല്‍ സിയാബോയ്ക്കായിരിക്കും ലഭിക്കുക സൂചന ലഭിച്ച ഉടനേ അത് തടയാനുള്ള ശ്രമങ്ങള്‍ ചൈന തുടങ്ങിയിരുന്നു. സാമ്പത്തിക കുത്തക എന്ന അധികാരം ഉപയോഗിച്ച് നോര്‍വേയെ വിരട്ടാനായിരുന്നു ആദ്യശ്രമം. സിയാബോയ്ക്ക് പുരസ്‌കാരം നല്‍കിയാല്‍ നോര്‍വേയുമായുള്ള ബന്ധംതന്നെ വിച്ഛേദിക്കുമെന്നായി ഭീഷണി. എന്നാല്‍ പുരസ്‌കാരസമിതി തങ്ങളുടെ തീരുമാനവുമായി മുന്നോട്ടുപോയി.

തുടര്‍ന്ന് യൂട്യൂബിലൂടെയുള്ള തല്‍സമയ സംപ്രേഷണം തടയാനായി ശ്രമം. ബി ബി സിയും സി എന്‍ എനും അടക്കമുള്ള വാര്‍ത്താചാനലുകള്‍ ഭാഗികമായെങ്കിലും തടസ്സപ്പെട്ടു. പുരസ്‌കാരവാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്ന് പത്രങ്ങളെ ചട്ടംകെട്ടി. എന്നാല്‍ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളുമുപയോഗിച്ചെങ്കിലും സിയാബോ ഉയര്‍ത്തിയ മനുഷ്യാവകാശത്തിന്റെ പ്രതിധ്വനികള്‍ തടയാനായില്ല.

സമാധാനത്തിന്റെ കാവല്‍മാലാഖയായി അമേരിക്ക
പുരസ്‌കാരപ്രഖ്യാപനം വന്നതിന് മിനുറ്റുകള്‍ശേഷം സിയാബോയെ ജയില്‍മോചിതനാക്കണമെന്ന ആവശ്യവുമായി മുന്‍ നോബേല്‍ സമ്മാനജേതാവും അമേരിക്കന്‍ പ്രസിഡന്റുമായി ബരാക് ഒബാമ രംഗത്തെത്തി. മനുഷ്യാവകാശവാദികളെയും സ്വാതന്ത്യപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തുന്ന ചൈനീസ് നടപടി അവസാനിപ്പിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.

തങ്ങളുടെ സ്വകാര്യനേട്ടങ്ങള്‍ക്കായി വിദേശനയം രൂപീകരിക്കുകയും തങ്ങളുടെ ആയുധമുതലാളിമാരെ സഹായിക്കാനായി യുദ്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന അമേരിക്കയുടെ നടപടിയെ തനി വങ്കത്തരമെന്നേ വിശേഷിപ്പിക്കാനാകൂ. അണുബോംബുപയോഗിച്ച് നാഗസാക്കിയിലും ഹിരോഷിമയിലും ലക്ഷക്കണക്കിനുപേരെ കൊന്നൊടുക്കിയതും മനുഷ്യകുലത്തെ നശിപ്പിക്കുന്ന ആയുധങ്ങളുണ്ടെന്നാരോപിച്ച് (weapon of mass distruction) ഇറാഖില്‍ നരവേട്ട നടത്തിയതും ഈ അമേരിക്കയായിരുന്നു.

അബു ഗുറൈബ് ജയിലിലും ഗോണ്ട്വാനാമോ തടവറയിലും അതിക്രമങ്ങള്‍ നടത്തി ‘മനുഷ്യാവകാശത്തിന് പുതിയ മുഖം’ സമ്മാനിച്ചതും ഇതേ അമേരിക്കയായിരുന്നു. ഡ്രോണ്‍ അക്രമങ്ങളിലൂടെ വസീരിസ്താനിലേയും അഫ്ഗാനിലേയും സാധാരണക്കാരെ കൊന്നൊടുക്കിയതും തങ്ങള്‍ വികസിപ്പിച്ചെടുത്ത മരുന്നുകള്‍ ഗ്വാട്ടിമാലയിലെ തടവുകാരുടെ ശരീരത്തില്‍ പരീക്ഷിച്ചതും ലോകസമാധാനത്തിനായി ദാഹിക്കുന്ന അമേരിക്കയായിരുന്നു.

കൈയ്യില്ലാത്തവന്‍ വിരലില്ലാത്തവനെ പരിഹസിക്കുന്നതിനു തുല്യമാണ് ചൈനയുടെ മനുഷ്യാവകാശധ്വംസനത്തെക്കുറിച്ചുള്ള അമേരിക്കയുടെ ആരോപണം. സാമ്പത്തികരംഗത്ത് ചൈനയുടെ അസൂയാവഹമായ മുന്നേറ്റം നല്‍കിയ തിരിച്ചറിവ് അമേരിക്കയെ ശരിക്കും അലോസരപ്പെടുത്തുന്നുണ്ട് എന്ന് വ്യക്തമാണ്. അമേരിക്കയില്‍ ‘മാറ്റത്തിന്റെ കാറ്റി’ ന് തിരികൊളുത്താനായി കച്ചമുറുക്കിയെത്തിയ നേതാവാണ് ബരക് ഹുസൈന്‍ ഒബാമ.

ലോകസമാധാനത്തെക്കുറിച്ചും മനുഷ്യാവകാശസംരക്ഷണത്തെക്കുറിച്ചുമുള്ള അധരവ്യായാമം മാത്രമാണിതെന്നും അടിസ്ഥാപരമായി അമേരിക്കന്‍ നിലപാടുകളില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്നും നിലവിലെ സ്ഥിതിഗതികള്‍ അടിവരയിടുന്നു.