എഡിറ്റര്‍
എഡിറ്റര്‍
നഗരമാലിന്യം കുന്നുകൂടി; മാവേലിപുര അവിവാഹിതരുടെ നാടാവുന്നു
എഡിറ്റര്‍
Saturday 26th May 2012 8:00am

ബാംഗ്ലൂര്‍: യെലഹങ്കയിലെ മാവേലിപുരയിലുള്ള യുവാക്കള്‍ക്ക് ആജീവനാന്തം അവിവാഹിതരായി കഴിയേണ്ട സ്ഥിതിയാണിപ്പോള്‍. യുവാക്കളുടെ കുറ്റംകൊണ്ടല്ല, മറിച്ച് മൂക്ക് പോത്താതെ ഒരു നിമിഷം പോലും ഈ ഗ്രാമത്തില്‍ നില്‍ക്കാനാവാത്തതില്‍ ഇവിടേക്ക് വരാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നു. പെണ്‍കുട്ടികളെ ഇവിടേക്ക് വിവാഹം കഴിപ്പിച്ചയക്കാന്‍ മാതാപിതാക്കളും തയ്യാറാവുന്നില്ല.

ബാംഗ്ലൂരിന്റെ ചവറ്റുകൊട്ടയാണ് മാവേലിപുര ഗ്രാമം. 2007മുതല്‍ ഇന്നുവരെ ഏകദേശം 10 മില്യണ്‍ ടണ്‍ നഗരമാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. ഇതിന് സമീപത്തുള്ള 12 ഗ്രാമങ്ങളെ ഈ മാലിന്യങ്ങള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

‘ വീട് സന്ദര്‍ശിക്കാന്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ഈ ഗ്രാമത്തിലെത്തുമ്പോള്‍ കാണുന്നത് ഇവിടുത്തെ മാലിന്യ കുന്നുകളാണ്. വൃത്തിഹീനമായ ഈ ചുറ്റുപാടിലേക്ക് തങ്ങളുടെ മകളെ അയക്കാന്‍ അവര്‍ തയ്യാറാവുന്നില്ല’ മാവേലിപുരം ഗ്രാമപഞ്ചായത്തിലെ മെമ്പര്‍ ബി ശ്രീനിവാസ് പറയുന്നു. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള കുടുംബങ്ങള്‍ ഇവിടെ വിട്ടുപോവുക പതിവായിരിക്കുകയാണ്.

‘ ഈ ഗ്രാമത്തില്‍ ശുദ്ധജലമില്ല. 500 രൂപ നല്‍കിയാണ് പുറത്തുനിന്നും ഇവിടേക്ക് ജലമെത്തിക്കുന്നത്. നേരത്തെ ചെയ്തതുപോലെ ഇവിടെ കൃഷി ചെയ്യാന്‍ പറ്റുന്നില്ല. ഇവിടെ എല്ലായ്‌പ്പോഴും ദുര്‍ഗന്ധമാണ്. കൂടാതെ നായ്ക്കളുടെ ശല്യവുമുണ്ട്. നായ്ക്കള്‍ ഞങ്ങളുടെ വിളകള്‍ നശിപ്പിക്കുകയാണ്. കന്നുകാലികള്‍ക്ക് അവയെ ഭയമാണ്. ഗ്രാമത്തിന് അതിന്റെ ഭംഗി തന്നെ നഷ്ടപ്പെട്ടു.’ ഗ്രാമീണരിലൊരാളായ മുനിരാജു പറഞ്ഞു.

കുരുബാരഹല്ലി, ലിംഗരാജപുര, സുബേദാര്‍ പാല്യ, ഷിവകോട്, രാമഗോണ്ടനഹല്ലി, മൈലാരഹല്ലി, ബിലികരേ, മുട്ട്യാടഹല്ലി എന്നീ ഗ്രാമങ്ങളും ഈ മാലിന്യകൂമ്പാരങ്ങളുടെ ദോഷം അനുഭവിക്കുകയാണ്.

മാലിന്യ കൂമ്പാരം ഇവിടുത്തെ ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വന്‍ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇവിടെ നിന്നുള്ള ഉല്പനങ്ങളില്‍ മിക്കതിലും ആര്‍സനിക്, കാഡ്മിയം തുടങ്ങിയ വിഷവസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കും. 2010ല്‍ ഡങ്കിപ്പനി കാരണം നിരവധി പേരാണ് ഇവിടെ മരിച്ചത്.

ഗ്രാമത്തിലെ പച്ചക്കറി തോട്ടങ്ങളെയും, വാഴകൃഷിയെയും മുന്തിരിയെയുമൊക്കെ ഈ മാലിന്യങ്ങള്‍ വിഷമയമാക്കിയിരിക്കുകയാണ്. കൂടാതെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളാണ് ഉല്പാദനം വളരെ കുറവാണ്.

ഈ മാലിന്യങ്ങളില്‍ നിന്നും വൈദ്യുതി നിര്‍മിക്കുന്നതിനുള്ള ഒരു പ്ലാന്റ് ഇവിടെ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ബി.ബി.എം.പി കമ്മീഷണര്‍ എം.കെ ഷങ്കര്‍ലിഞ്ച് ഗൗഡ പറഞ്ഞു. ‘ ഇവിടുത്തെ ആളുകളെ ബുദ്ധിമുട്ട് എനിക്കറിയാം. എന്നാല്‍ നഗരമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ മറ്റൊരു സ്ഥലമില്ല’ അദ്ദേഹം പറഞ്ഞു.

Advertisement