എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ കണ്ണില്‍ കണ്ണീരല്ല, അഗ്നിയാണ്, ഈ വിധി കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി’ സായിബാബയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതിനെതിരെ ഭാര്യ
എഡിറ്റര്‍
Wednesday 8th March 2017 9:14am

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല പ്രഫ. സായിബാബ അടക്കമുള്ള ആറു പേര്‍ക്കെതിരായ വിചാരണ കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഭാര്യ വസന്ത. മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായാണ് ഒരു കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ സമര്‍പ്പിച്ച മുഴുവന്‍ കുറ്റങ്ങളും ശരിവെച്ച് ശിക്ഷ വിധിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

‘ഈ സര്‍ക്കാര്‍ ചെയ്തുവെച്ചതു കാരണം എന്റെ കണ്ണില്‍ നിന്നും കണ്ണുനീരിനു പകരം വരുന്നത് അഗ്നിയാണ്.’ വസന്ത പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഒരു തെളിവും പ്രോസിക്യൂഷന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കോര്‍പ്പറേറ്റുകളുടെയും എം.എന്‍.സികളുടെയും താല്‍പര്യത്തിനുവേണ്ടി ജനാധിപത്യവിരുദ്ധമായ നയങ്ങള്‍ നടപ്പിലാക്കാന്‍ നീതിന്യായവ്യവസ്ഥിതിക്കുമേല്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.’ അവര്‍ വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ ഉന്നയിച്ച എല്ലാ കുറ്റ ശിക്ഷ വിധിച്ച സ്ഥിതിക്ക് സായിബാബക്ക് മരുന്ന് നല്‍കാനും സഹായിയെ വെക്കാനും അനുമതി നല്‍കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. നീതി തേടി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ അറിയിച്ചു.


Must Read: ‘അപാരതയെ ആഘോഷിക്കുന്നവരോട്’ ഇത് നമ്മുടെ എസ്.എഫ്.ഐ അല്ല: ടി.പി ബിനീഷ്


സായിബാബ അംഗവൈകല്യമുള്ള ആളാണെന്ന പരിഗണന നല്‍കരുതെന്നും നിരവധി പേരുടെ മരണത്തിനിടയാക്കിയ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ വൈകല്യം തടസ്സമായിട്ടില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അതേപടി അംഗീകരിക്കുകയാണ് കോടതി ചെയ്തത്.

ആരോഗ്യകരമായ പ്രതിസന്ധികളുണ്ടായിട്ടും എല്ലാ വിചാരണ ദിവസങ്ങളിലും അദ്ദേഹം എത്തിയിരുന്നു. സായിബാബയെ പോലുള്ളവരെ തുറുങ്കിലടച്ച് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും അവര്‍ ആരോപിച്ചു.

സായിബാബയ്‌ക്കെതിരായ വിധിയില്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷനും നടുക്കം രേഖപ്പെടുത്തി. ‘ഞാന്‍ ഞെട്ടിത്തരിച്ചുപോയി. അങ്ങനെയൊരു കേസ് തന്നെയില്ല. സാക്ഷികള്‍പറഞ്ഞത് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ്.’ ദല്‍ഹി യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നന്ദിത നരൈന്‍ പറഞ്ഞു.

മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മുന്‍ അധ്യാപകന്‍ പ്രഫ. ജി.എന്‍ സായിബാബയുള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചത്.

Advertisement