ന്യൂദല്‍ഹി: രാജ്യസഭാ സീറ്റിലേക്ക് നാമനിര്‍ദേശം നല്‍കിയ സച്ചിന്‍ ടെന്റുല്‍ക്കറിന് അണികളുടെ പിന്തുണ വളരെ ദുര്‍ബലം. സച്ചിന്‍ രാജ്യസഭയിലേക്കും അതുവഴി രാഷ്ട്രീയത്തിലും കാലെടുത്തു വയ്ക്കുന്നതോടെ സച്ചിന്‍നോടുള്ള ആരാധന കുറയുവാന്‍ കാരണമാകുമെന്നാണ് ദല്‍ഹിയിലെ ആരാധകരുടെ വാദം. സച്ചിന്‍ രാജ്യത്തിന് വേണ്ടി കളിച്ച് നേടിയെടുത്ത പേരും പ്രശസ്തിയും രാഷ്ട്രീയത്തിലെത്തിയാല്‍ ഇല്ലാതാകുമെന്നും വാദമുണ്ട്.

സച്ചിന്‍ ക്രിക്കറ്റ് പ്രേമിയാണെന്നും അദ്ദേഹത്തെ കളിക്കാനാണ് അനുവദിക്കേണ്ടതെന്നും ചിലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പ്രതികരിക്കുന്നുണ്ട്. സച്ചിനെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ച യു.പി.എയുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കോണ്‍ഗ്രസ് ഇതിനു മുമ്പും ഇത്തരത്തിലുള്ള പ്രശസ്തരെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അംബിക സോണി പറഞ്ഞു.

സച്ചിന് കോണ്‍ഗ്രസ് രാജ്യസഭയില്‍ സീറ്റ് നല്‍കിയാലും ഇല്ലെങ്കിലും അതവര്‍ക്കിടയിലെ പ്രശ്‌നമാണെന്നും ഇതില്‍ പ്രതികരിക്കാനില്ലെന്നും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ പറഞ്ഞു. സച്ചിന് രാജ്യസഭ സീറ്റിന് മാത്രമല്ല ഭാരത് രത്‌ന ലഭിയ്ക്കുവാനും അര്‍ഹതയുണ്ടെന്ന് മുംബൈ എം.പി. സഞ്ചയ് നിരൂപം പറഞ്ഞു.

എന്നാല്‍ സച്ചിന്‍ ഒരിക്കലും രാഷ്ട്രീയത്തോട് അനുഭാവം പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിനിവേശമായ ക്രിക്കറ്റിനെ കൈവിട്ട് രാഷ്ട്രീയത്തിലിറങ്ങാന്‍ എവിടെയാണ് സമയമുണ്ടാവുകയെന്നും സച്ചിന്‍ ക്രിക്കറ്റില്‍ തന്നെ ശ്രദ്ധിക്കണമെന്നും ജനങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്.

Malayalam News

Kerala News in English