കോഴിക്കോട്: ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ലെന്ന് ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ. ഇക്കാര്യം താന്‍ ജയില്‍ സുപ്രണ്ടിനോട് അന്വേഷിച്ചെന്നും ജയില്‍ ഡി.ജി.പി പറഞ്ഞു.

അതേസമയം ദിലീപിന് ജയിലില്‍ പ്രത്യേക പരിഗണന എന്ന വിവരം പുറത്തുവന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ എവിടെ നിന്നു വരുന്നെന്നും എങ്ങനെയാണ് ഇത് വാര്‍ത്തയായി വരുന്നതെന്നും ശ്രീലേഖ ചോദിച്ചു.

ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലില്‍ വി.ഐ.പി പരിഗണനയാണെന്നും പ്രത്യേക സഹായിയെ അനുവദിച്ചെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ജീവനക്കാര്‍ക്ക് തയ്യാറാക്കുന്ന പ്രത്യേക ഭക്ഷണം ദിലീപിന് അടുക്കളയിലെത്തി കഴിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിരുന്നു. ഇതോടെ ജയില്‍ വകുപ്പ് അന്വേഷണം തുടങ്ങുകയായിരുന്നു.

പരസഹായമില്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള തടവുകാര്‍ക്ക് മാത്രമാണ് ജയിലില്‍ സഹായത്തിന് മറ്റു തടവുകാരെ അനുവദിക്കാറുള്ളത്. ഇതിനു വിരുദ്ധമായി ദിലീപിന് സഹായിയെ അനുവദിച്ചു എന്നാണ് ആക്ഷേപം.