ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച താരങ്ങളുടെ ദാരിദ്ര്യമില്ലെന്ന് മുന്‍ ഐ.സി.സി, ബി.സി.സി.ഐ പ്രസിഡന്റ് ശരദ് പവാര്‍. മികച്ച താരങ്ങള്‍ എന്നും ഇന്ത്യന്‍ ടീമില്‍ ഉണ്ട്. പുതുമുഖങ്ങള്‍ ലോക നിലവാരത്തിലെത്താന്‍ അല്‍പ്പം സമയം വേണമെന്ന് മാത്രം. ശരദ് പവാര്‍ പറയുന്നു.

Ads By Google

ടീമിന്റെ തുടര്‍ച്ചയായുള്ള പരാജയങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശരദ് പവാര്‍ പറയുന്നത്. മികച്ച താരങ്ങളുടെ അഭാവമല്ല, മികച്ച താരങ്ങളുടെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കാണ് ടീമിനെ ഉലച്ചിരിക്കുന്നത്. ടീം വീണ്ടും പഴയ താളം വീണ്ടെടുക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

ഇംഗ്ലണ്ടുമായും പാക്കിസ്ഥാനുമായും ഇന്ത്യക്ക് ഏറ്റ പരാജയം ടീമിനെ ചെറുതായൊന്നുമല്ല ഉലച്ചിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പര്യടനം നടത്തിയ പാക്കിസ്ഥാനോട് 1-2 നാണ് ടീം പരാജയപ്പെട്ടത്.

രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ അഭാവം ടീമിനെ ഉലച്ചെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ രോഹിത് ശര്‍മയേയും രവീന്ദ്ര ജഡേജയും പോലുള്ള താരങ്ങള്‍ ടീമില്‍ ഉണ്ടെന്നും മികച്ച ഫോമിലേക്ക് ഇവരെത്തിയാല്‍ ടീം ഇന്ത്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നും പവാര്‍ പറയുന്നു.