Categories

പി.ശശിയ്‌ക്കെതിരെ പരാതി: സി.കെ.പിക്ക് സീറ്റില്ല

തിരുവനന്തപുരം: പി.ശശിക്കെതിരെ നേതൃത്വത്തിന് പരാതി നല്‍കിയ സി.കെ.പി പത്മനാഭന് സീറ്റ് നിഷേധിച്ചു. ജില്ലാ കമ്മിറ്റി നല്‍കിയ ലിസ്റ്റില്‍ തളിപ്പറമ്പില്‍ സി.കെ.പി പത്മനാഭനെയായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇ.പി ജയരാജന്‍ സി.കെ.പിക്ക് സീറ്റ് നല്‍കുന്നതിനെതിരെ രംഗത്ത് വരികയായിരുന്നു. സി.കെ.പിക്ക് പകരം ജയിംസ് മാത്യുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.

പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന് അനഭിമതനാണ് സി.കെ.പി പത്മനാഭന്‍. നേരത്തെ കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.പിയെ വി.എസ് അനുകൂല നിലപാടുകളെ തുടര്‍ന്ന് ആ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സി.കെ.പിക്ക് സീറ്റ് നിഷേധിക്കാന്‍ നീക്കം നടക്കുന്നതറിഞ്ഞ് ഇന്നലെ നടന്ന സി.പി.ഐ.എം മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ ജില്ലാ നേതാവ് കെ.സന്തോഷ് വികാരം നേതൃത്വത്തെ അറിക്കാമെന്ന് പ്രവര്‍ത്തകരോട് പറയുകയായിരുന്നു.

ഒരു തവണ മാത്രം എം.എല്‍.എ ആകുകയും എല്ലാവര്‍ക്കും സ്വീകാര്യനാകുകയും ചെയ്ത സി.കെ.പിക്ക് ഒരു ഊഴം കൂടി നല്‍കണമെന്നാണ് അണികളുടെ ആവശ്യം. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി പ്രവര്‍ത്തകര്‍ ബന്ധപ്പെടുകയും സി.കെ.പിയെ മത്സരിപ്പിച്ചില്ലെങ്കില്‍ പ്രവര്‍ത്തന രംഗത്തുണ്ടാവില്ല എന്ന് പറയുകയും ചെയ്തു. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ജയിംസ് മാത്യു നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല വി.എസ് അനുകൂലികള്‍ എന്ന നിലയില്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ സി.കെ.പിയും ജയിംസ് മാത്യുവും തമ്മില്‍ നല്ല സൗഹൃദമാണ്. ഇത് തകര്‍ക്കുക എന്ന ലക്ഷ്യവും ജയിംസിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിന് പിറകിലുണ്ട്. കഴിഞ്ഞ ജില്ലാസെക്രട്ടറിയേറ്റില്‍ ഇ.പി ജയരാജനും പി.കെ ശ്രീമതിയുമാണ് തളിപ്പറമ്പില്‍ ജയിംസ് മാത്യുവിന്റെ പേര് നിര്‍ദേശിച്ചത്.

എന്നാല്‍ ഈ നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കാനാണ് ഇവിടത്തെ പ്രവര്‍കത്തകരുടെ തീരുമാനം. പി.ശശിയുടെ ദുസ്വഭാവങ്ങള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് ആദ്യം പരാതി നല്‍കിയത് സി.കെ പി പത്മനാഭനായിരുന്നു. പരാതി ആദ്യം അവഗണിച്ച നേതൃത്വം പിന്നീട് ശശിക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് കൂടി രംഗത്തെത്തിയതോടെ നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

One Response to “പി.ശശിയ്‌ക്കെതിരെ പരാതി: സി.കെ.പിക്ക് സീറ്റില്ല”

  1. Comrade

    ജെയിംസ്‌ മത്യുവോ..!!

    അദ്ദേഹതോടെങ്ങനെയാണ് ഇ.പി.ക്ക് ഒരു സ്നേഹം വന്നത്…??

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.