English Edition
January 21st, 2012
Email this page

റുഷ്ദിയുടെ പങ്കാളിത്തം: വിവാദങ്ങള്‍ അവസാനിക്കുന്നില്ല

ജെയ്പൂര്‍:  ജെയ്പൂര്‍ ലിറ്റററി ഫെസ്റ്റിവെലില്‍ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വെള്ളിയാഴ്ചയോടെ അവസാനിച്ചു. എന്നാല്‍ അദ്ദേഹം ഫെസ്റ്റിവെലില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ അവസാനിച്ചിട്ടില്ല.

റുഷ്ദിയുടെ വിവാദമായ ‘സാത്താനിക് വേര്‍സസ്’ എന്ന പുസ്തകത്തിലെ വരികള്‍ ഉറക്കെ വായിച്ചുകൊണ്ട് എഴുത്തുകാരായ ഹാരി കുന്‍സ്രുവും അമിതാവ കുമാറും ഫെസ്റ്റിവെല്‍ വേദിയില്‍ പ്രതിഷേധിച്ചു. ഫെസ്റ്റിവെലിലെ സംഘാടകര്‍ ഇടപെട്ട് ഇവരെ തടഞ്ഞെങ്കിലും എഴുത്തുകാരായ റുച്ചിര്‍ ജോഷിയും കവി ജീത് തായിലും ഇത് ആവര്‍ത്തിച്ചു. സംഘാടകര്‍ ഇടപെട്ട് ഇതും അവസാനിപ്പിച്ചു.

അധോലോകത്ത് നിന്നും ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് റുഷ്ദി ജയ്പൂര്‍ സന്ദര്‍ശനം ഉപേക്ഷിച്ചത്.

റുഷ്ദിയുടെ വിവാദമായ പുസ്‌കത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്ന് എഴുത്തുകാരനായ റുചിര്‍ ജോഷി പറയുന്നു. റുഷ്ദി വരാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയകളിയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.  ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന രാഷ്ട്രീയകളി മാത്രമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. റുഷ്ദിയുടെ തീരുമാനത്തെ താന്‍ വിമര്‍ശിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കാനാവുന്നില്ലെന്നത് സര്‍ക്കാരിനേറ്റ വന്‍പരാജയമാണെന്നും അരുന്ധതി റോയ് അഭിപ്രായപ്പെട്ടു.

എന്നാല്‍ എഴുത്തുകാരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കാന്‍ ഫെസ്റ്റിവെല്‍ സംഘാടകര്‍ തയ്യാറായില്ല.

Malayalam news

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.