താനിനി റീമേക്കോ രണ്ടാം ഭാഗമോ ചെയ്യില്ലെന്ന് പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ്. റീമേക്കോ രണ്ടാം ഭാഗമോ ചെയ്യുമ്പോള്‍ റിസ്‌ക് കൂടുതലാണെന്നും അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇനി ചെയ്യില്ലെന്നും ഷാജി കൈലാസ് പറഞ്ഞു. ചിത്രഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യം പറയുന്നത്.

ഇപ്പോള്‍ സിംഹാസനം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാജി കൈലാസ്. പഴയകാല ഹിറ്റ് ചിത്രമായ നാടുവാഴികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിംഹാസനം എടുക്കുന്നത്. എന്നാല്‍ സിംഹാസനം നാടുവാഴികളുടെ രണ്ടാം ഭാഗമോ റീമേക്കോ അല്ലെന്ന് ഷാജി കൈലാസ് ഉറപ്പു പറയുന്നു.

‘നാടുവാഴികളുടെ രണ്ടാം ഭാഗമായിരുന്നു ഞാന്‍ ആദ്യം പ്ലാന്‍ ചെയ്തത്. പക്ഷേ ഒരു സംതൃപ്തി വന്നില്ല. കുഴപ്പമാകുമോ എന്ന ഭയം. ആഗസ്റ്റ് 15 നമ്മള്‍ അനുഭവിച്ചതല്ലേ? വിചാരിച്ച രീതിയില്‍ അത് വന്നില്ലല്ലോ. ഇപ്പോള്‍ ഓഡിയന്‍സ് വേറെ കഥ പ്രതീക്ഷിച്ചാണ് വരുന്നത്. നാടുവാഴികളിലെ അച്ഛന്‍  മകന്‍ ബന്ധം മാത്രമാണ് സിംഹാസനത്തില്‍ എടുത്തിട്ടുള്ളത്. ഈ സിനിമയുടെ കഥയ്ക്ക് നാടുവാഴികളുമായി വേറെ ബന്ധമൊന്നുമില്ല’  അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നു.

സൂപ്പര്‍ഹിറ്റ് ചിത്രം ആഗസ്റ്റ് ഒന്നിന്റെ രണ്ടാം ഭാഗമായിരുന്നു ആഗസ്റ്റ് 15. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം എട്ടുനിലയില്‍ പൊട്ടിയിരുന്നു. ഇതിന് പിന്നാലെ ഹിറ്റ് ചിത്രങ്ങളായ കമ്മീഷണറെയും കിങ്ങിനെയും ഒരുമിപ്പിച്ചെടുത്ത കിങ് ആന്റ് കമ്മീഷണറും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷാജി കൈലാസിന്റെ കുറ്റസമ്മതം.