റിയാദ്: അല്‍ഖായിദക്ക് അഭയം കൊടുത്തതോടെ താലിബാനുമായുള്ള ബന്ധം സൗദി അറേബ്യ വിഛേദിച്ചതായി സൗദി വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. അതിനുശേഷം താലിബാനുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടേയില്ല. വിഷയത്തെ ഞങ്ങള്‍ എത്ര ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത് എന്നത് ഇതിലൂടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനില്‍ അല്‍ഖായിദയും താലിബാനും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളില്‍ സൗദിക്ക് ആശങ്കയുണ്ട്. സുഹൃദ് രാജ്യമെന്ന നിലയില്‍ ഭീകരര്‍ പിടിമുറുക്കുന്നതിനെതിരെ ഒന്നിക്കണമെന്ന് ആ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തോട് സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. രാഷ്ട്രീയ സ്ഥിരതയിലൂടെ മാത്രമേ പാക്കിസ്ഥാന് ഭീകരതയെ നേരിടാനാവുകയുള്ളൂ. ഈ ലക്ഷ്യം പാക്കിസ്ഥാന്‍ നേടുമെന്നാണു പ്രതീക്ഷയെന്നും സൗദി രാജകുമാരന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് കൂടുതല്‍ ഹജ്ജ് ക്വാട്ട അനുവദിക്കുന്നതിന് സ്ഥല പരിമിതിയാണ് തടസ്സമെന്ന് അദ്ദേഹം പറഞ്ഞു.