എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലേതുപോലെ യു.എസിലും മാധ്യമങ്ങള്‍ക്ക് മറുപടി പറയാതെ മോദി: ചോദ്യോത്തരവേള ഉപേക്ഷിച്ച് പ്രോട്ടോക്കോള്‍ തെറ്റിച്ച് ട്രംപും മോദിയും
എഡിറ്റര്‍
Tuesday 27th June 2017 10:59am

ന്യൂയോര്‍ക്ക്: യു.എസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിടാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. സംയുക്ത പ്രസ്താവനയ്ക്കുശേഷം ഇരുനേതാക്കളും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയെന്നത് പരമ്പരാഗതമായ രീതിയാണ്. എന്നാല്‍ മോദിയും ട്രംപും ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറായില്ല എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയല്ല ചോദ്യോത്തര വേള ഉപേക്ഷിച്ചത്. എന്നാല്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനമാനിച്ചാണ് ചോദ്യോത്തര വേള ഉപേക്ഷിച്ചതെന്നാണ് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നത്. ‘ഇരുനേതാക്കളുടെയും താല്‍പര്യം’ ഇതായിരുന്നു എന്നാണ് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി പറയുന്നത്.


Also Read: ‘പശുവിന്റെ പേരില്‍ ഹിന്ദുതീവ്രവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെക്കാന്‍ മോദിയോട് ആവശ്യപ്പെടണം’ നെതര്‍ലാന്റ് പ്രധാനമന്ത്രിക്ക് മനുഷ്യാവകാശ സംഘടനയുടെ കത്ത്


ഒരു മണിക്കൂറോളമാണ് ഇരുനേതാക്കളും തമ്മിലുള്ള യോഗം നീണ്ടുനിന്നത്. പിന്നീട് അത്താഴ വിരുന്നില്‍ പങ്കെടുക്കാനായി ഇരുവരും പോകുകയായിരുന്നു. മോദിയുടെയും ട്രംപിന്റെയും ഈ സമീപനത്തില്‍ യു.എസ് മാധ്യമങ്ങള്‍ നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഒബാമ പ്രസിഡന്റായിരുന്ന വേളയില്‍ 2009ല്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് യു.എസ് സന്ദര്‍ശിപ്പോള്‍ സംയുക്ത പ്രസ്താവനയ്ക്കുശേഷം ഇരുവരും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരുന്നു. ചൈനീസ് പ്രസിഡന്റിന്റെ യു.എസ് സന്ദര്‍ശന വേളയിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.

 

മറ്റൊരു രാജ്യത്തെ ഭരണാധികാരി സന്ദര്‍ശിക്കുമ്പോള്‍ സംയുക്ത പ്രസ്താവനയ്ക്കുശേഷം ഇരുനേതാക്കളും യു.എസിലെയും സന്ദര്‍ശിക്കുന്ന വ്യക്തിയുടെ രാജ്യത്തിലെയും മാധ്യമങ്ങളില്‍ നിന്ന് കുറഞ്ഞത് ഒരു ചോദ്യമെങ്കിലും നേരിടുകയെന്നതായിരുന്നു വൈറ്റ് ഹൗസ് പ്രോട്ടോക്കോള്‍. ഇതാണ് മോദിയും ട്രംപും തെറ്റിച്ചിരിക്കുന്നത്.

ട്രംപിനും മോദിയ്ക്കും ഒട്ടേറെ സാമ്യതകളുണ്ട്. ഇരുവരും അതത് രാജ്യത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മടി കാണിക്കുന്നവരാണെന്ന ആക്ഷേപം നേരിടുന്നുണ്ട്. 2014ല്‍ അധികാരത്തിലെത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തവണപോലും പത്രസമ്മേളനം വിളിക്കാന്‍ തയ്യാറായിട്ടില്ല. അധികാരത്തിലെത്തിയശേഷം മോദി ഒരേയൊരു അഭിമുഖം നല്‍കിയെങ്കിലും ആ അഭിമുഖം മോദിയ്ക്കുവേണ്ടി തന്നെ ഉണ്ടാക്കിയെടുത്തതാണെന്നും ചോദ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ തയ്യാറാക്കി നല്‍കിയതാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.


Don’t Miss: മോദിയും ട്രംപും ഇഫ്താര്‍ സംഗമം ഒഴിവാക്കിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഇഫ്താറിനും നിസ്‌കാരത്തിനും വേദിയൊരുക്കി ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം


സമാനമായ നിലപാടാണ് യു.എസ് മാധ്യമങ്ങളോട് ട്രംപും സൂക്ഷിക്കുന്നത്. ട്രംപിന്റെ നിലപാടുകളുടെ വിമര്‍ശിക്കുന്ന യു.എസ് മാധ്യമങ്ങളെ ‘ഫെയ്ക്ക് ന്യൂസ്’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്.

Advertisement