Categories

മധ്യപ്രദേശില്‍ കന്യകാത്വ പരിശോധന നടത്തിയിട്ടില്ലെന്ന് അസിസ്റ്റന്റ് കലക്ടര്‍

mass-wedding

ഭോപ്പാല്‍: വിവാഹത്തിന് മുമ്പ് പെണ്‍കുട്ടികളെ കന്യകാത്വ പരിശോധന നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് അസിസ്റ്റന്റ് കലക്ടര്‍ നേഹ മര്‍വായ. സംഭവത്തെ കുറിച്ച് നടത്തിയ പ്രത്യക അന്വേഷണ റിപ്പോര്‍ട്ടിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Ads By Google

മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന കന്യാദാന്‍ യോജന എന്ന പരിപാടിയിലാണ് പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത കന്യകാത്വ പരിശോധന ഏര്‍പ്പെടുത്തിയതെന്നാണ് നേരത്തെ കണ്ടെത്തിയിരുന്നത്.

എന്നാല്‍ അത്തരത്തിലുള്ള ഒരു പരിശോധന പോലും മധ്യപ്രദേശില്‍ നടപ്പാക്കിയിട്ടില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

350 സ്ത്രീകളെയാണ് കന്യകാത്വ-ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് കന്യകാത്വ പരിശോധന നടത്തുന്നതെന്ന കാര്യം നേരത്തെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്.

സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് അജയ് സിങ് ആവശ്യപ്പെട്ടിരുന്നു.

പരിശോധനയെ തുടര്‍ന്ന് കന്യകകളല്ലെന്ന് തെളിഞ്ഞ എട്ട് സ്ത്രീകളെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല.

ഭൂരിഭാഗം പേരും ആദിവാസികളായ പ്രദേശത്തെ സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടിയാണ് കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തുന്നതെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.

മധ്യപ്രദേശില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി കന്യാദാന്‍ യോജന നടന്നുവരുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.