എഡിറ്റര്‍
എഡിറ്റര്‍
1000 രൂപയുടെ നോട്ട് ഇറക്കുകയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 22nd February 2017 3:01pm

ന്യൂദല്‍ഹി:  1000 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. 500 രൂപ വരെയുള്ള നോട്ടുകള്‍ പുറത്തിറക്കുന്നതിനും അവയുടെ വിതരണവുമാണ് ധനമന്ത്രാലയം ആലോചിക്കുന്നതെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

ആവശ്യമായ തുക മാത്രമേ എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാനാകൂ എന്നും കൂടുതല്‍ തുക പിന്‍വലിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

1000 രൂപയുടെ പുതിയ സീരിസിലുള്ള നോട്ടുകള്‍ ഉടന്‍ തന്നെ വിതരണത്തിനായി എത്തുമെന്ന് ആര്‍.ബി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സാമ്പത്തിക കാര്യ സെക്രട്ടറിയുടെ വിശദീകരണം.

പുതിയ നോട്ടിന്റെ അച്ചടി ആരംഭിച്ച് കഴിഞ്ഞെന്നും വൈകാതെ തന്നെ നോട്ട് ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട്.

എന്നാല്‍ 500 രൂപ നോട്ടിന്റെ ആവശ്യകത കൂടിയതും കൂടുതല്‍ അച്ചടി അതിന് വേണ്ടി വന്നതുമാണ് 1000 രൂപയുടെ പുതിയ നോട്ടുകള്‍ എത്താന്‍ താമസിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

500 ന്റേയും 1000 ന്റേയും നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ 500 ന്റേയും 2000 ത്തിന്റയും നോട്ടുകളായിരുന്നു റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. 15.44 ലക്ഷം കോടി നോട്ടുകളായിരുന്നു ആര്‍.ബി.ഐ പിന്‍വലിച്ചത്. ജനുവരി 27 ആയപ്പോഴേക്കും 9.92 ലക്ഷം കോടി നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കിയതായി ആര്‍.ബി.ഐ അവകാശപ്പെടുന്നു.

Advertisement