എഡിറ്റര്‍
എഡിറ്റര്‍
ഇനിയെന്തെന്ന് തീരുമാനിച്ചില്ല: ദ്രാവിഡ്
എഡിറ്റര്‍
Saturday 10th March 2012 8:31am

ബംഗളൂരു: വിരമിക്കലിനു ശേഷം ഇനിയെന്തെന്ന് തീരുമാനിച്ചിട്ടില്ലെന്ന് രാഹുല്‍ ദ്രാവിഡ്. ‘യഥാര്‍ത്ഥത്തില്‍ അകലെയുള്ള സാങ്കല്‍പ്പിക ലോകത്താണ് ഇത്രയും കാലം ജീവിച്ചത്. ഒരര്‍ത്ഥത്തില്‍ പുഴുപ്പുറ്റിനുള്ളിലെ ജീവിതമായിരുന്നു എന്റേത്. അഞ്ചാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ കഴിഞ്ഞിട്ട് വേണം ഭാവിയെ കുറിച്ച് തീരുമാനിക്കാന്‍.

ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനം എനിയ്ക്കാണ്. അതുകൊണ്ട് തന്നെ ടീമിനെ നന്നായി നയിക്കണമെന്ന് ആഗ്രഹമുണ്ട്. കരിയറില്‍ ഇത്രയേറെ എന്നെ വളരാന്‍ സഹായിച്ചത് എന്റെ മാതാപിതാക്കളാണ്. അവരുടെ പ്രോത്സാഹനമൊന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. അതുപോലെ തന്നെ എല്ലാ പ്രതിസന്ധിയിലും എന്റെ കൂടെ നിന്ന ഭാര്യ വിജേതയുടെ പങ്കും മറക്കാന്‍ കഴിയില്ല’. ദ്രാവിഡ് വ്യക്തമാക്കി.

ദ്രാവിഡിനെയും കുട്ടികളെയും നോക്കുന്നതിനുവേണ്ടി ഡോക്ടറായിരുന്ന വിജേത തന്റെ കരിയര്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടികളെ വളര്‍ത്തുന്നതില്‍ തനിയ്ക്ക് കാര്യമായ റോള്‍ ഇല്ലായിരുന്നെന്നും ദ്രാവിഡ് പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ കുടുബത്തിന്റെ മുഴുവന്‍ ചുമതലയും താന്‍ ഭാര്യയെ ഏല്‍പ്പിക്കുകയായിരുന്നു. ഇനി അവര്‍ക്ക് വേണ്ടി ജീവിക്കണം. കുടുംബവുമായി അകന്നു നിന്നത് എത്ര കഠിനമായിരുന്നെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഇനിയെങ്കിലും തിരക്കില്‍ നിന്നെല്ലാം മോചനം വേണം.

കുട്ടികളായ സമിതിനെയും അന്‍വായേയും സ്‌കൂളില്‍ കൊണ്ടുവിടുന്നതും തിരിച്ചുകൊണ്ടുവരുന്നതും പോലുള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ ആനന്ദം കണ്ടെത്താന്‍ മനസ്സിനെ പ്രാപ്തമാക്കുകയാണ് അടുത്ത പണി. ഇനിയുള്ള ജീവിതം മുഴുവനായും കുടുംബത്തിനായി മാറ്റിവെയ്ക്കുകയാണ്. ഇന്ത്യന്‍ ടീമിനൊപ്പം എന്നും തന്റെ മനസ്സ് ഉണ്ടാകും. അഭിമാനത്തോടെയാണ് താന്‍ ടീമില്‍ നിന്നും വിടപറയുന്നത്. കഴിഞ്ഞ 16 വര്‍ഷത്തിനുള്ളില്‍ തന്നെ കൊണ്ട് എന്തെങ്കിലും നേട്ടം ടീമിന് ഉണ്ടായിട്ടുണ്ടെങ്കില്‍ അതുതന്നെയാണ് ഏറ്റവും വലിയ കാര്യം.- ദ്രാവിഡ് വ്യക്തമാക്കി.

Malayalam news

Kerala news in English

Advertisement