kgb and moilyന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്ന് നിയമ മന്ത്രി വീരപ്പമൊയ്‌ലി. ആരോപണവിധേയനായ ഒരാള്‍ക്കെതിരെ കേസെയുക്കാന്‍ പരിമതിയുണ്ട്. ആരെങ്കിലും കെ.ജി.ബിക്കെതിരെ പരാതി നല്‍കിയാലെ സര്‍ക്കാരിന് കേസിലിടപെടാനാവുകയുള്ളൂ. സര്‍ക്കാരിനു നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമത്തെ മറികടന്ന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജസ്റ്റീസ് പി.കെ. ഷംസുദീന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊയ്‌ലി പ്രതികരിച്ചത്. കക്ഷികള്‍ക്കു സമീപിക്കാവുന്ന ആളും സ്വാധീനങ്ങള്‍ക്കു വഴങ്ങുന്ന ആളുമായിരുന്നു ജസ്റ്റീസ് ബാലകൃഷ്ണനെന്ന് സി.എന്‍.എന്‍-ഐ.ബി.എന്നിനു നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റീസ് ഷംസുദീന്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ മകനെയും മരുമകനെയും സമീപിക്കാന്‍ എന്താണു വഴിയെന്നു ചോദിച്ച് ഒരാള്‍ തന്റെയടത്തു വന്നതായി ജസ്റ്റീസ് ഷംസുദീന്‍ വെളിപ്പെടുത്തി. കെ.ജി.ബിയുടെ സഹപ്രവര്‍ത്തകനായിരുന്നു കേരള ഹൈക്കോടതിയില്‍ ജസ്റ്റീസ് പി.കെ. ഷംസുദീന്‍.

2009ല്‍ ബാംഗളൂര്‍ സ്വദേശിയായ ആള്‍ ജസ്റ്റീസ് ബാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം തന്നെ സ്വാധീനിക്കുകയെന്ന സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു. കക്ഷികള്‍ക്കു സമീപിക്കാവുന്ന ആളാണ് ജസ്റ്റീസ് ബാലകൃഷ്ണനെന്ന് അതുവരെ തനിക്കു തോന്നിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്നെ സമീപിച്ചതായി പറയുന്ന ബാംഗളൂര്‍ സ്വദേശിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ജസ്റ്റീസ് പി.കെ. ഷംസുദീന്‍ വെളിപ്പെടുത്തിയില്ല. ജസ്റ്റീസ് ബാലകൃഷ്ണനെതിരേയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്കു നയമാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.