Categories

മഅദനിയ്‌ക്കെതിരെ നിലപാട് ഉറപ്പിച്ച് കര്‍ണ്ണാടക; സുപ്രീം കോടതിയില്‍ സര്‍ക്കാറിന്റെ സത്യവാങ്മൂലം

abdul-nasar-madani

ന്യൂദല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്‌ക്കെതിരെ വീണ്ടും കര്‍ണ്ണാടക സര്‍ക്കാര്‍ രംഗത്ത്. ബംഗലൂരു സ്ഥോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

നാളെ കേസ് പരിഗണിയ്ക്കാനിരിയ്ക്കവെയാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം. ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്ന് നേരത്തെ കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനും വേണ്ടി മഅദനി രോഗങ്ങള്‍ പെരുപ്പിച്ച് കാണിയ്ക്കുകയാണ്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി നിര്‍ദേശിച്ചപ്പോള്‍ നാല് തവണയാണ് മഅദനി അത് നിരസിച്ചത്. മുന്‍ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിയ്ക്കണമെന്ന് ശഠിച്ചു. കഴിഞ്ഞ 15ന് മണിപ്പാല്‍ ആശുപത്രിയില്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. ഗുരുതരമായ അസുഖങ്ങളൊന്നും കണ്ടെത്തിയതുമില്ല- സത്യവാങ്മൂലത്തില്‍ പറയുന്നു.

കര്‍ണാടക സെന്‍ട്രല്‍ പ്രിസണ്‍ ചീഫ് സൂപ്രണ്ട് എച്ച്.വി വീരേന്ദ്ര സിംഹയാണ് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയത്. നാളെ മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിയ്ക്കാനിരിയ്ക്കവെയാണ് മഅദനിയ്‌ക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്. സത്യവാങ് മൂലത്തിന്റെ പകര്‍പ്പ് കേരളത്തിലെ അഭിഭാഷകന് കൈമാറിയിട്ടുണ്ട്.

കര്‍ണ്ണാടക സര്‍ക്കാറിന്റെ വാദങ്ങള്‍ക്ക് മഅദനി മറുപടി നല്‍കുമെന്ന് സൂചനയുണ്ട്. പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനാണ് മഅദനിയ്ക്ക് വേണ്ടി മറുപടി തയ്യാറാക്കുന്നത്. അതിനിടെ കര്‍ണ്ണാടക സര്‍ക്കാറിന്റെ സത്യവാങ്മുലം പച്ചക്കള്ളമാണെന്ന് പി,ഡി.പി സംസ്ഥാന നേതാവ് പൂന്തുറ സിറാജ് ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകത്തിലെ ഹൈന്ദവ വോട്ട് ലക്ഷ്യമിട്ടാണ് കര്‍ണ്ണാടക സര്‍ക്കാറിന്റെ ഈ നീക്കമെന്നും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനത്തിന് ശേഷം തിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കുമെന്നും പൂന്തുറ സിറാജ് പറഞ്ഞു.

നീക്കമെന്നും ജാമ്യാപേക്ഷയില്‍ കോടതി തീരുമാനത്തിന് ശേഷം തിരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കുമെന്നും പൂന്തുറ സിറാജ് പറഞ്ഞു.

Tagged with: