എഡിറ്റര്‍
എഡിറ്റര്‍
ജുവനൈല്‍ നിയമത്തില്‍ ഭേദഗതി വേണ്ട: സുപ്രീം കോടതി
എഡിറ്റര്‍
Saturday 29th March 2014 8:17am

supreme-court-3

ന്യൂദല്‍ഹി: ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളാകുന്ന കേസുകളില്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് വിചാരണ നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.  2000ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയും ദല്‍ഹി കൂട്ടബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്.

ഇവരുടെ ഹരജി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. 18 വയസ്സില്‍ താഴെ പ്രായക്കാര്‍ക്ക് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനു കീഴില്‍ പരിരക്ഷ നല്‍കുന്നതില്‍ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് പി. സദാശിവവും ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും ശിവ് കീര്‍ത്തി സിങ്ങുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ദല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ സാധാരണ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടത്. പ്രതികളില്‍ 18 വയസ്സ് തികയാത്തയാള്‍ക്ക് മൂന്നു വര്‍ഷത്തെ ശിക്ഷയാണ് ജുവനൈല്‍ കോടതി വിധിച്ചത്. പ്രതികളില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് ഇയാളാണെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളാവുന്ന ബലാല്‍സംഗക്കേസുകളുടെ എണ്ണം വര്‍ഷം തോറും കൂടിവരുന്ന സാഹചര്യത്തിലാണ് സുബ്രമഹ്ണ്യം സ്വാമി കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളാവുന്ന ബലാല്‍സംഗക്കേസുകളുടെ എണ്ണം  2012ല്‍ 1175 ആയിരുന്നു. കഴിഞ്ഞ വര്‍ഷമത് 3182 എണ്ണമായി ഉയര്‍ന്നു.

2013 ആഗസ്റ്റ് 31ലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിയില്‍ അതൃപ്തരാണെന്ന് പറഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം പിന്നീട് സുപ്രീം കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. 2012 ഡിസംബര്‍ 16ന് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിലെ ആറ് പ്രതികളില്‍ നാല് പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു.

Advertisement