കൊച്ചി: ഡീസല്‍ വില വര്‍ധനവ് ഒഴിവാക്കേണ്ടതായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡീസലിന്റെ വില വര്‍ധന ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വിലവര്‍ധനയില്‍ നിന്നും ലഭിക്കുന്ന അധിക വരുമാനം സംസ്ഥാനം വേണ്ടെന്ന് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡീസല്‍ വില ലിറ്ററിന് അഞ്ചുരൂപ വര്‍ദ്ധിച്ചത്‌ രാജ്യത്താകമാനം പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മേയില്‍ പെട്രോളിന് ഏഴര രൂപ വര്‍ദ്ധിപ്പിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അധികവരുമാനം വേണ്ടെന്നുവെച്ചിരുന്നു. ഇതോടെ കേരളത്തില്‍ ഡീസലിന് 1.14 രൂപ കുറയും. വിലക്കയറ്റം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

അതേസമയം, ഡീസല്‍ വില  വര്‍ധനക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. മുംബൈ, കാണ്‍പൂര്‍, അമൃത്സര്‍, എന്നിവിടങ്ങളിലാണ് പ്രതിഷേധം ഏറ്റവും ശക്തമായി നടക്കുന്നത്. ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് മുംബൈയില്‍ സ്വകാര്യ ബസ്സുകളും മഹാരാഷ്ട്രയില്‍ ചരക്കു ലോറികളും 10 ശതമാനമായി നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അര്‍ധരാത്രി മുതലാണ് വിലവര്‍ധനവ്  നിലവില്‍ വന്നത്. പാചകവാതക സിലിണ്ടറുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഇനിമുതല്‍ വര്‍ഷത്തില്‍ സബ്‌സിഡിയോടെ ആറ് സിലിണ്ടറുകള്‍ മാത്രമാണ് ഒരു കുടുംബത്തിന് ലഭിക്കുക. ആറില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു സിലിണ്ടറിന് 760 രൂപയോളം അധികം നല്‍കേണ്ടിവരും.

കേരളത്തില്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി, എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.


ജില്ലകളിലെ പുതിയ വില

തിരുവനന്തപുരം: 49 രൂപ 61 പൈസ

കൊല്ലം: 49 രൂപ 94 പൈസ

ആലപ്പുഴ: 49 രൂപ 55 പൈസ

പത്തനംതിട്ട: 49 രൂപ 79 പൈസ

കോട്ടയം: 49 രൂപ 55 പൈസ

ഇടുക്കി: 49 രൂപ 84 പൈസ

എറണാകുളം: 49 രൂപ 34 പൈസ

തൃശൂര്‍ 49 രൂപ 65 പൈസ

പാലക്കാട്: 49 രൂപ 92 പൈസ

കോഴിക്കോട്: 49 രൂപ 65 പൈസ

മലപ്പുറം: 49 രൂപ 85 പൈസ

വയനാട്: 50 രൂപ 02 പൈസ

കണ്ണൂര്‍:49 രൂപ 54 പൈസ

കാസര്‍ഗോഡ്: 49 രൂപ 93 പൈസ

മാഹി: 48 രൂപ 28 പൈസ.