കോഴിക്കോട്: റെവല്യൂണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവ്  ടി.പി ചന്ദ്രശേഖരന്‍ വധം സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലുപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാന പോലീസിന്റെ അന്വേഷണം ശരിയായ വഴിക്കാണെന്നും കൊലപാതകവുമായി ബന്ധമുള്ള മുഴുവന്‍ പ്രതികളേയും കണ്ടെത്താന്‍ പോലീസിനാകുമെന്നും എന്നാല്‍ ഇതിനായി കേരളാ പോലീസിന് അല്‍പ്പം കൂടി സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads By Google

Subscribe Us:

മികച്ച രീതിയിലാണ് നിലവിലെ അന്വേഷണം നടക്കുന്നത്. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയുടെ ആവശ്യം മനസ്സിലാക്കുന്നെന്നും എന്നാല്‍ നിലവിലുള്ള അന്വേഷണ സംഘത്തിന് ഒരു അവസരം കൂടി നല്‍കി ഫലം വിലയിരുത്തിയതിന് ശേഷം മാത്രം സി.ബി.ഐ എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നത് രാമചന്ദ്രന്റെ മാത്രം അഭിപ്രായമാണെന്നും തന്റെ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും കെ.കെ രമ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി.പി യുടെ ഭാര്യ കെ.കെ രമ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ടി.പിയുടെ വധത്തിനുപിന്നില്‍ സി.പി.ഐ.എമ്മിലെ ഉന്നത നേതാക്കളുണ്ടെന്നും ഇവരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അതിനാല്‍ തുടരന്വേഷണം സി.ബി.ഐക്ക് വിടണമെന്നുമായിരുന്നു രമയുടെ ആവശ്യം.

രമയുടെ ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു. രമയുടെ ആവശ്യം അംഗീകരിച്ചുകൊടുക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്നായിരുന്നു വി.എസ് പറഞ്ഞിരുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ടി.പിയുടെ ഭാര്യ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ സംശയം ദൂരീകരിക്കേണ്ടതുണ്ടെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.