എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണം നേതാക്കളെ കുടുക്കാന്‍, ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ട: സി.പി.ഐ.എം
എഡിറ്റര്‍
Sunday 9th September 2012 2:17pm

ന്യൂദല്‍ഹി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധം സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

സി.പി.ഐ.എം നേതൃത്വത്തെയും നേതാക്കളെയും കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സി.ബി.ഐ അന്വേഷണത്തെക്കൊണ്ട് ഉദ്ദേശിക്കുന്നത്. ടി.പി വധത്തില്‍ നിലവിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകട്ടെയെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Ads By Google

സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യം ഗൂഢലക്ഷ്യത്തോടെയാണ്. പോലീസ് കേസ് അന്വേഷിച്ചപ്പോഴും നേതാക്കളെ കുടുക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമായി വന്ന ആവശ്യമാണ്.

ടി.പി വധത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയതാണ്. ആ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും നിയമം ആ വഴിക്ക് കൊണ്ടുപോകുകയും വേണമെന്നും കാരാട്ട് പറഞ്ഞു.

പി.ബി യോഗത്തില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ പാര്‍ട്ടി രംഗത്ത് വരണമെന്ന് കേരള ഘടകം ശക്തമായി വാദിച്ചു. സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും തീരുമാനിച്ചത്.

നേരത്തെ സി.ബി.ഐ അന്വേഷണത്തെ പിന്തുണച്ച് കേന്ദ്ര കമ്മിറ്റി അംഗം വി.എസ്.അച്യുതാനന്ദനും പി.ബി അംഗം സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ഇരുവരുടെയും നിലപാടുകള്‍ വെള്ളിയാഴ്ച ചേര്‍ന്ന് അവയ്‌ലബിള്‍ പി.ബി യോഗം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിലെ ഉന്നതനേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന്റെ തെളിവാണ് സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന തീരുമാനത്തിന് പിന്നിലെന്ന് ടി.പി യുടെ ഭാര്യ രമ പ്രതികരിച്ചു. സി.ബി.ഐ അന്വേഷണം സി.പി.ഐ.എം ഭയക്കുന്നുവെന്നും ഉന്നത നേതാക്കള്‍ കേസില്‍ കുടുങ്ങുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടെന്നും രമ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ടി.പിയുടെ ഭാര്യ കെ.കെ.രമയുടെ ആവശ്യം ന്യായമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഈ ആവശ്യം അംഗീകരിച്ചുകൊടുക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്നും ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ടി.പിയുടെ ഭാര്യ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ സംശയം ദൂരീകരിക്കേണ്ടതുണ്ടെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ തുടരന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് രമ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്‌.

ടി.പിയുടെ വധത്തിനുപിന്നില്‍ സി.പി.ഐ.എമ്മിലെ ഉന്നത നേതാക്കളുണ്ടെന്നും ഇവരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അതിനാല്‍ തുടരന്വേഷണം സി.ബി.ഐക്ക് വിടണമെന്നുമായിരുന്നു രമയുടെ ആവശ്യം. ഇതേ ആവശ്യം ആര്‍.എം.പി നേതാക്കളും കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.

ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ന്യായമെന്ന് വി.എസ്

Advertisement