ന്യൂദല്‍ഹി:  പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫീസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി പരിഗണിച്ചില്ല.
ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

അഡ്വ. അശ്വനി ഉപാധ്യായയാണ്  പാര്‍ലമെന്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നത്.

സുപ്രീംകോടതി ആരംഭിക്കുമ്പോള്‍ ദേശീയഗാനം പാടിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയും സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയ ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയിരുന്നത്.

കഴിഞ്ഞ നവംബറിലാണ് തിയേറ്ററുകളില്‍ ദേശീയഗാനം സുപ്രീംകോടതി നിര്‍ബന്ധമാക്കിയിരുന്നത്.  പ്രദര്‍ശനത്തിന് മുമ്പായി സ്‌ക്രീനില്‍ ദേശീയപതാക കാണിക്കണമെന്നും കോടതി പറഞ്ഞിരുന്നു. അതേ സമയം സിനിമക്ക് ഇടയില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.