ന്യൂദല്‍ഹി: മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ നീക്കമുള്ളതായ വാര്‍ത്തകള്‍ കെട്ടിച്ചമച്ചതും വ്യാജവുമാണെന്ന് ബി.ജെ.പി. കേന്ദ്രസര്‍ക്കാറിന്റെ കശാപ്പ് നിരോധന നയത്തില്‍ പ്രതിഷേധിച്ച് മേഘാലയയില്‍ നിന്നും രണ്ടാമത്തെ ബി.ജെ.പി നേതാവും രാജിവെച്ചതിനു പിന്നാലെയാണ് പാര്‍ട്ടി വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

ബീഫ് നിരോധനമെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും മേഘാലയയിലെ ബി.ജെ.പിയുടെ ചുമതലയുള്ള നളിന്‍ കൊഹ്‌ലി പറഞ്ഞു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പ്രദേശത്ത് വര്‍ഗീയ അജണ്ട നടപ്പിലാക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.


Must Read: ‘ജാതിപ്പേര് മലയാളികള്‍ക്ക് പ്രസ്റ്റീജ് ഇഷ്യൂ, എല്ലാ ജാതിക്കാര്‍ക്കും ഒരേ ബഹുമാനം’; ചാനല്‍ പരിപാടിയില്‍ ജാതിചിന്തയെ ന്യായീകരിക്കാന്‍ മനുസ്മൃതിയെ കൂട്ടുപിടിച്ച് പാര്‍വ്വതി; വായടപ്പിക്കുന്ന മറുചോദ്യവുമായി സദസ് 


ബീഫ് നിരോധിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാറിന് അത്തരം വിഷയങ്ങളില്‍ കൈകടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലികളെ അറവിന് വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നോര്‍ത്ത് ഗാരോഹില്‍സ് ജില്ല പ്രസിഡന്റ് ബച്ചു മാരക് രാജിവെച്ചിരുന്നു.

ഗാരോ വിഭാഗത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം രാജിവെച്ചത്.