ന്യൂദല്‍ഹി: ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ പൊതു ഇടങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന് സുപ്രീം കോടതി. സുഗമമായ ഗതാഗതത്തിന് വിലങ്ങാവുന്ന തരത്തില്‍ രാഷ്ട്രീയ-മത നേതാക്കന്മാരുടേയും മറ്റും പേരിലുള്ള പ്രതിമകള്‍ സ്ഥാപിക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Ads By Google

ദേശീയ പാതയില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. സുന്ദരന്‍ നാടാരുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്.

പൊതു ഇടങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അവകാശമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം, തെരുവ് വിളക്ക് ഉള്‍പ്പെടെ ഗതാഗതം സുഗമമാക്കുന്നതിനായി സ്ഥാപിച്ച നിര്‍മിതികള്‍ക്ക് പുതിയ ഉത്തരവ് ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എം ലോഥ, എസ്.ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി പറഞ്ഞു. പൊതു ഇടങ്ങളില്‍ അനധികൃതമായി നിര്‍മിച്ച പ്രതിമകള്‍ പൊളിക്കാന്‍ സുപ്രീം കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.