ബോളിവുഡിലെ ആദ്യ ചിത്രത്തിന്റെ വമ്പന്‍ വിജയം സിദ്ദിഖിനെ ആകര്‍ഷിക്കുകയാണ്. ബോഡിഗാര്‍ഡിന്റെ വിജയം സിദ്ദിഖിനെ ശരിയ്ക്കും ത്രില്ലടിപ്പിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ ഇടവേളകളില്‍ മാത്രമേ ഇനി മലയാള ചിത്രമെടുക്കുകയുള്ളുവെന്ന് ഒരു അഭിമുഖത്തിലാണ് സിദ്ദിഖ് വ്യക്തമാക്കിയത്.

‘മറ്റെവിടെയെങ്കിലും പോയി അംഗീകരിക്കപ്പെടുമ്പോഴാണ് മലയാളി ഒരാളെ അംഗീകരിക്കുന്നത്. മലയാളത്തില്‍ ഞാനെത്രോയ ഹിറ്റുകള്‍ ചെയ്തു. പക്ഷേ അതൊന്നും ബോഡിഗാര്‍ഡ് തന്നതുപോലൊരു സംതൃപ്തിയും അംഗീകാരവും തന്നിട്ടില്ല. നമ്മളെ അംഗീകരിക്കുന്ന ഇടമായതുകൊണ്ട് ഹിന്ദിക്ക് മുന്‍ഗണന കൊടുക്കാനാണ് ഇനി എന്റെ തീരുമാനം’ സിദ്ദിഖ് നയംവ്യക്തമാക്കി.

മലയാളചലച്ചിത്രലോകത്ത് സജീവസാന്നിധ്യമായിരുന്ന പ്രിയദര്‍ശന്‍ എന്ന സംവിധായകന്‍ പരസ്യചിത്രങ്ങളിലേയ്ക്കും പിന്നീട് മലയാളം വിട്ട് ബോളിവുഡിലേയ്ക്കും പോയി നേടിയ വിജയത്തിന്റെ കഥ നാമെല്ലാര്‍ക്കും അറിയുന്നതാണ്. ബോളിവുഡിലെ തിരക്കുകള്‍ ഒതുക്കി ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രിയന്‍ ഇപ്പോള്‍ മലയാളത്തില്‍ ഒരു ചിത്രം ചെയ്യാനെത്തിയത്. സിദ്ദീഖും ആ വഴിയിലൂടെ നീങ്ങുകയാണ്.

ചിത്രം ചെറുതാക്കി എടുക്കരുതെന്ന് മാത്രമായിരുന്നു ഹിന്ദിയിലെ നിര്‍മാതാക്കളുടെ ആവശ്യം. ലോകനിലവാരത്തിലാണ് അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിനുവേണ്ടി എത്ര പണം മുടക്കാനും അവര്‍ തയ്യാറാണ്-സിദ്ദിഖ് പറയുന്നു. ആദ്യവിജയത്തോടെ തന്നെ സിദ്ദിഖ് ബോളിവുഡിനെ പ്രണയിക്കുകയാണ്.