ന്യൂദല്‍ഹി: രാഷ്ട്രീയപ്രവേശനത്തോടനുബന്ധിച്ച് ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായി തമിഴ് നടന്‍ കമല്‍ഹാസന്‍. രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നതോടെ താന്‍ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണെന്ന് കമല്‍ ചൊവ്വാഴ്ച പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തന്റെ തീരുമാനം അന്തിമമാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

‘പുറത്തു വരാനിരിക്കുന്ന പുതിയ രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി എനിക്ക് സിനിമകള്‍ ഉണ്ടാകില്ല’ എന്നാണ് കമല്‍ ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ വെച്ച് ഒരു സ്വകാര്യ ഇന്ത്യന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

‘സത്യസന്ധമായി ജീവിക്കാനായി എനിക്ക് എന്തെങ്കിലും ചെയ്‌തേ കഴിയൂ. എന്നാല്‍ എനിക്ക് തോല്‍ക്കാന്‍ കഴിയില്ല’ -തെരഞ്ഞെടുപ്പില്‍ തോറ്റാലും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് ഉത്തരമായി കമല്‍ പറഞ്ഞു.

താനൊരു രാഷ്ട്രീയ ബിംബമല്ല. എന്നാല്‍ 37 വര്‍ഷമായി തങ്ങള്‍ സാമൂഹ്യ സേവനങ്ങള്‍ നടത്തുന്നു. ഈ 37 വര്‍ഷങ്ങള്‍ കൊണ്ട് ആത്മാര്‍ത്ഥതയുള്ള 10 ലക്ഷത്തോളം പ്രവര്‍ത്തകരെ ഒപ്പം കൂട്ടാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു.

സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ഒരു നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും കമല്‍ അറിയിച്ചു.

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചുകൊണ്ടാണ് 63-കാരനായ കമല്‍ ഹാസന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.