ന്യൂദല്‍ഹി: അനധികൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളോട് കരുണ കാണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. പഠനത്തിന് തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരമുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് പുതിയ നീരീക്ഷണം. മധ്യപ്രദേശിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

Ads By Google

അംഗീകാരമുണ്ടോ എന്ന് അന്വേഷിക്കാത്തവര്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.

‘ചെറിയ കുട്ടികളല്ല കോളേജുകളില്‍ പഠിക്കുന്നത്. പഠിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകരാമുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കേണ്ടത് അവരാണ്.

ഏത് വിധേനയും ഡിഗ്രീ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അതിനുള്ള പരിശ്രമത്തെ കുറിച്ച് ആലോചിക്കുന്നില്ല. അതിന്റെ പ്രത്യാഘാതം കനത്തതായിരിക്കും.

ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയമങ്ങള്‍ പാലിക്കാതെ സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്‍.സി.ടി.സി, സര്‍വകലാശാല എന്നിവയുടെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.