ലണ്ടന്‍: അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കുന്നതിനുള്ള വിവാദമായ നിയമം (ഡി.ആര്‍.എസ്) നിര്‍ബന്ധമായി നടപ്പാലാക്കേണ്ടെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയനുസരിച്ച് പരമ്പരയില്‍ നിയമം നടപ്പാക്കുകയോ വേണ്ടെന്നുവെക്കുകയോ ചെയ്യാമെന്ന് ദുബൈയിയില്‍ ചേര്‍ന്ന ഐ.സി.സി.യുടെ എക്‌സിക്യുട്ടീവ് ബോര്‍ഡ് തീരുമാനിച്ചു.

കഴിഞ്ഞ ജൂണില്‍ ഹോങ്കോങ്ങില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ ഡി.ആര്‍.എസ്. നിര്‍ബന്ധമാക്കുമെന്ന് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എല്‍ബിഡബ്ല്യു തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്ന ഹോക്ക് ഐ ഒഴികെയുള്ള സംവിധാനങ്ങളുപയോഗിച്ച് ഡി.ആര്‍.എസ്. നടപ്പാക്കാനായിരുന്നു ഐ.സി.സിയുടെ തീരുമാനം.

എന്നാല്‍, ഈ തീരുമാനത്തിനോട് അംഗരാഷ്ടങ്ങള്‍ക്കിടയില്‍ വ്യക്തമായ ധാരണയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് തീരുമാനം മത്സരിക്കുന്ന ടീമുകളുടെ ഇംഗിതത്തിനനുസരിച്ച നടപ്പാക്കിയാല്‍ മതിയെന്ന് ഐ.സി.സി. നിര്‍ദേശിച്ചത്.ഡി.ആര്‍.എസ്. കുറ്റമറ്റതല്ലെന്നായിരുന്നു തുടക്കം മുതലേ ഇന്ത്യയുടെ നിലപാട്. ഡി.ആര്‍.എസിനെതിരെ തുടക്കം മുതലേ നിലകൊണ്ട ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിലപാടിനുള്ള അംഗീകാരംകൂടിയാണ് ഇപ്പോഴത്തെ തീരുമാനം.