മുംബൈ: അമേരിക്കന്‍ സാമ്പത്തിക രംഗത്ത് വീണ്ടും സംജാതമായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വൈ.വി. റെഡ്ഡി. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വൈ വി റെഡ്ഡി ഇക്കാര്യം പറഞ്ഞത്.

അമേരിക്കയില്‍ ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിയ തോതില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് പ്രതിഫലിക്കും. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടുവലിക്കുന്ന തരത്തിലേക്ക് ഇത് ബാധിക്കില്ല. അദ്ദേഹം പറഞ്ഞു.

2008ലൂണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഇപ്പോള്‍ അമേരിക്കയിലെ പ്രതിസന്ധി കാണിക്കുന്നതെന്നും വൈ.വി. റെഡ്ഡി പറഞ്ഞു. നിലവിലെ സാഹചര്യം തുടക്കത്തിലേ പരിശോദിച്ച് പ്രതിസന്ധി മറികടക്കാനാവശ്യമായ സത്വര നടപടികള്‍ സ്വീകരി്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിലവിലെ ആഗോള സാമ്പത്തിക സാഹചര്യം ഇന്ത്യയെയും സാരമായി ബാധിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യം സസൂക്ഷമം വിലയിരുത്തുകയാണെന്നും ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണാല്‍ അത് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.