മുംബൈ:  സ്വര്‍ണം വാങ്ങാന്‍ ഇനി ബാങ്ക് വായ്പ ലഭിക്കില്ല. ഇത് സംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്‍ക്ക് നല്‍കി. ഒരു രൂപത്തിലുള്ള സ്വര്‍ണം വാങ്ങാനും വായ്പ നല്‍കേണ്ടെന്നാണ് കര്‍ശന നിര്‍ദേശം.

സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് രാജ്യത്തിന് സാമ്പത്തിക ഭാരമായി മാറുകയാണെന്നതിനാലാണ് റിസര്‍വ് ബാങ്ക് ശക്തമായ നടപടികളിലേക്ക് നീങ്ങിയത്.

Ads By Google

2011-12 ല്‍ 1067 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതിന്റെ ചെലവ് 6000 കോടി ഡോളറാണ്. ( 33,000,00 കോടി രൂപ).

ഏപ്രിലില്‍ ധനസഹായം പ്രഖ്യാപിക്കവേ റിസര്‍വ് ബാങ്ക് സ്വര്‍ണ ഇറക്കുമതിയും സ്വര്‍ണ വായ്പകളും സംബന്ധിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ആ സമിതി ഓഗസ്റ്റില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം.

സ്വര്‍ണക്കട്ടി, സ്വര്‍ണനാണയം, ആഭരണം എന്നിവയ്ക്ക് മാത്രമല്ല സ്വര്‍ണത്തിനായി പണം മുടക്കുന്ന എക്‌സേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ എന്നിവ വാങ്ങാനും വായ്പ നല്‍കരുത്.

സ്വര്‍ണവ്യാപാരികള്‍ക്ക് സ്വര്‍ണം ജാമ്യമായി വാങ്ങി വായ്പ നല്‍കുന്നതിനും നിയന്ത്രണമുണ്ട്. സ്വര്‍ണം ലേലത്തില്‍ വാങ്ങാനോ ഊഹക്കച്ചവടങ്ങളില്‍ പങ്കെടുക്കാനോ ഇങ്ങനെ വായ്പ നല്‍കരുത്. എന്നാല്‍ സ്വര്‍ണക്കടയുടെ പ്രവര്‍ത്തന മൂലധനം സമാഹരിക്കാനാണ് വായ്പയെങ്കില്‍ നല്‍കാം.