ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം വിതരണവുമായി ഉയര്‍ന്ന വിവാദങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി കമ്മീഷന്‍ അന്വേഷണം ആവശ്യമില്ലെന്ന് യു പി എ ആവര്‍ത്തിച്ചുവ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന യു പി എ ഘടകകക്ഷികളുടെ സംയുക്തചര്‍ച്ചയ്ക്കുശേഷമാണ് പ്രണാബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.

യു പി എയിലെ പ്രധാനകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ജെ പി സി രൂപീകരിക്കുന്നതിന് അനുകൂലഅഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇത് യു പി എ ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ധാരണപരത്തിയിരുന്നു. എന്നാല്‍ യു പി എയിലെ കക്ഷികള്‍ക്കിടയില്‍ അഭിപ്രായഭിന്നതയില്ലെന്നും ജെ പി സി അന്വേഷണത്തെ യു പി എ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു.

അതിനിടെ സ്‌പെക്ട്രം വിഷയത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ചശേഷം പ്രതിപക്ഷം ജെ പി സി ആവശ്യവുമായി സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങുകയായിരുന്നു.