മുംബൈ: അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍.

സര്‍ക്കാറിനെ മറിച്ചിടാന്‍ എന്‍.സി.പിക്ക് പരിപാടിയില്ലെന്നും അജിത് പവാര്‍ മാത്രമേ രാജിവെക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ എന്‍.എസി.പിക്ക് തീരുമാനമില്ല. കൂട്ടരാജിയുടെ കാര്യത്തില്‍ എന്‍.സി.പിയ്ക്ക് പങ്കിലെന്ന് പവാര്‍ പറഞ്ഞു.

Ads By Google

അഴിമതി ആരോപണത്തെ തുടര്‍ന്നാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. വിദര്‍ഭയില്‍ ജലസേചന പദ്ധതികള്‍ അനുവദിക്കുക വഴി ശതകോടികളുടെ അഴിമതി നടത്തിയെന്നാണ് അജിത് പവാറിനെതിരായ ആരോപണം.

അജിത് പവാറിന്റെ രാജി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തുടര്‍ന്ന് എന്‍.സി.പിയുടെ 14 കാബിനറ്റ് മന്ത്രിമാരും അഞ്ച് സഹമന്ത്രിമാരും രാജിസന്നദ്ധത പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അജിത് പവാറിന്റെ രാജി മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ സ്വീകരിച്ചിട്ടില്ല. അന്തിമ തീരുമാനത്തിലെത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ്ചവാന്‍ അറിയിച്ചിരിക്കുന്നത്.

48 അംഗ മന്ത്രിസഭയില്‍ എന്‍.സി.പിക്ക് 20 മന്ത്രിമാരാണുള്ളത്. ഇന്നത്തെ പാര്‍ട്ടി നിയമസഭാ കക്ഷിയോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മുതിര്‍ന്ന നേതാവ് നവാബ് മാലിക് അറിയിച്ചു.