തിരുവനന്തപുരം: പാമോലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ തനിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജഡ്ജിക്കെതിരെ തനിക്ക് പരാതിയില്ലെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ പി.സി ജോര്‍ജ്ജിന്റെ പരാതി എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ജഡ്ജിക്കെതിരെ എനിക്ക് പരാതിയില്ല. കോടതിയെ വിധിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നത് ശരിയല്ല. നിയമം നോക്കി അതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജുമാര്‍ വിധി പറയുന്നത്’ -ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പാമൊലിന്‍ കേസിന്റെ വിധിപ്രഖ്യാപനത്തില്‍ അപാകതയുണ്ടെന്നു കാണിച്ചാണ് പി.സി ജോര്‍ജ്ജ് രാഷ്്ട്രപതിക്ക് കതത്തയച്ചത്. വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കത്തിലുള്ളത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മുഖ്യമന്ത്രി, ഗവര്‍ണ്ണര്‍ എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ തെറ്റിച്ചാണെന്നും സാക്ഷി മാത്രമായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ജഡ്ജി ശ്രമിക്കുകയാണെന്നും വിധികര്‍ത്താവ് തന്നെ അന്വേഷകനാവുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം ഉമ്മന്‍ചാണ്ടി അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക് പോവുകയാണെന്ന് ഡോ.തോമസ് ഐസക് പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിക്ക് പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ പി.സി ജോര്‍ജ്ജിനെക്കൊണ്ട് പറയിപ്പിക്കുകയാണ് ചെയ്യുന്നതെന്നും തോമസ് ഐസക് വ്യക്തമാക്കി.