കൊച്ചി: സംസ്ഥാനസര്‍ക്കാറിന്റെ ലോട്ടറി ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യണമെന്ന മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ വാദം കോടതി തള്ളി. നാളെ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന മേഘയുടെ വാദവും കോടതി തള്ളി. കേസില്‍ ഈമാസം 12 ന് വീണ്ടും വാദം കേള്‍ക്കും.

ഓര്‍ഡിനന്‍സിന് മുമ്പുള്ള സ്ഥിതി നിലനിര്‍ത്തണമെന്ന ആവശ്യവും കോടതി തള്ളി. പൊതുതാല്‍പ്പര്യം പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദിച്ചപ്പോള്‍ എങ്കില്‍ ലോട്ടറിരഹിത മേഖലയെക്കുറിച്ച് ചിന്തിച്ചുകൂടെ എന്നും കോടതി ചോദിച്ചു.

കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നായിരുന്നു മേഘ വാദിച്ചത്. എന്നാല്‍ ലോട്ടറികള്‍ നിയമവിധേയമാണെന്ന് ഉറപ്പുവരുത്താനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അര്‍ഹതയുണ്ടെന്ന് സര്‍ക്കാറിനായി ഹാജരായ നിധീഷ് ഗുപ്ത വാദിച്ചു.