കോഴിക്കോട്:  വടകര അഴിയൂരില്‍ കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിന് പദ്ധതിയുള്ളതായി അറിയില്ലെന്ന് റെവല്യൂഷനറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി. അഴിയൂരില്‍  ഉണ്ടായിരുന്ന ഐസ് പ്ലാന്റ് പദ്ധതിക്കെതിരെ എല്ലാ രാഷ്ട്രീയകക്ഷികളും സമരം നടത്തിയിട്ടുണ്ടെന്നും ആര്‍.എം.പി ഏരിയാ സെക്രട്ടറി എന്‍. വേണു പറഞ്ഞു.

അഴിയൂര്‍ സ്വദേശിയായ പ്രദീപ് കുമാര്‍ എന്ന ഗള്‍ഫ് വ്യവസായിയുടേതാണ് ഐസ് പ്ലാന്റ് പദ്ധതി. സി.പി.ഐ.എം ഭരണത്തിലാണ് ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചത്. അന്നൊന്നും അതൊരു വിവാദവുമായിരുന്നില്ല. തങ്ങള്‍ നടത്തിയ ഇടപെടലുകള്‍ ഇത്തരത്തില്‍ വിരോധമുണ്ടാക്കാന്‍ ഇടയുള്ളവയല്ലെന്നും ആര്‍.എം.പി വ്യക്തമാക്കി.

ഹൈക്കോടതിയില്‍ സി.എച്ച്. അശോകന്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേണു. ടി.പി. ചന്ദ്രശേഖരന്റെ വധം സംബന്ധിച്ച് ഒട്ടേറെ ആരോപണങ്ങള്‍ ഇതിനകം തന്നെ സി.പി.ഐ.എം ഉയര്‍ത്തിയിട്ടുണ്ട്. അത്തരത്തിലൊരു ആരോപണം മാത്രമാണ് ഇത്.

സി.പി.ഐ.എമ്മിന്റെ കള്ളിവെളിച്ചാകും എന്ന അവസ്ഥയെത്തിയപ്പോള്‍ അന്വേഷണം തടസ്സപ്പെടുത്താനാണ് ഇത്തരം മൊഴികള്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.