ന്യൂദല്‍ഹി: ഒക്ടോബര്‍ പതിനാലിന് ആരംഭിക്കുന്ന് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഹോട്ട്‌സ്‌പോട്ട് ടെക്‌നൊളജി ഉപയോഗിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പിന്തുണയില്ലാത്തതിനാലാണ് തീരുമാനമെന്ന് ടെക്‌നൊളജിക്ക് പിന്നിലുള്ള ബിബിജി സ്‌പോര്‍ട്‌സ് കമ്പനിയുടെ ചീഫ് വാരന്‍ ബ്രണ്ണന്‍ അറിയിച്ചു.

കഴിഞ്ഞ മാസമവസാനിച്ച ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഹോട്ട്‌സ്‌പോട്ട് ടെക്‌നോളജി ഉപയോഗിച്ചിരുന്നു. എന്നാല്‍ പരമ്പരയില്‍ ഹോട്ട്‌സ്‌പോട്ട് ടെക്‌നോളജി വഴി കൈക്കൊണ്ട പല തീരുമാനങ്ങളും തെറ്റാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ ഇതിനെതിരായ നിലപാട് ബിസിസിഐ കൂടുതല്‍ ശക്തമാക്കുകയായിരുന്നു.

Subscribe Us:

നേരത്തേ എല്ലാ മത്സരങ്ങള്‍ക്കും ഹോട്ട്‌സ്‌പോട്ട് നിര്‍ബന്ധമാക്കുന്നതിന് ഐസിസിയെ ബിസിസിഐ സമ്മതമറിയിച്ചിരുന്നു. പക്ഷേ, ഓഗസ്റ്റിലെ പര്യടനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

നിലവിലുള്ള ഹോട്ട് സ്‌പോട്ട് സാങ്കേതിക വിദ്യക്ക് കൃത്യതയില്ലെന്നും ഇംഗ്ലണ്ട് പര്യാടനത്തിനിടെ എല്ലാവരും ഇക്കാര്യത്തിന് ദൃക്‌സാക്ഷികളായതാണെന്നും ബി.സി.സി.ഐ യുടെ വാര്‍ഷിക യോഗത്തിന് ശേഷം ശ്രീനിവാസന്‍ പറഞ്ഞിരുന്നു. നിലവിലെ സിസ്റ്റം ശരാശരി നിലവാരത്തിലുള്ളതാണെന്നും അത്‌കൊണ്ട് തന്നെ സിസ്റ്റം ഭേദഗതി ചെയ്യാനായി അടുത്ത ഐ.സി.സി മീറ്റിംഗില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തുള്ള മത്സരങ്ങളില്‍ ഹോട്ട്‌സ്‌പോട്ട് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും, തെറ്റുകള്‍ പരിഹരിക്കാനുതകുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പുതിയ ആറ് ഹോട്ട്‌സ്‌പോട്ട്് ക്യാമറകള്‍ വാങ്ങി കഴിഞ്ഞതായും ബിബിജി ചീഫ് എക്‌സിക്യൂട്ടിവ് വാറന്‍ ബ്രെന്നന്‍ പറഞ്ഞു.