എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി-സി.പി.ഐ.എം സഖ്യം ദോഷകരമാവില്ലെന്ന് എ.എന്‍ രാധാകൃഷ്ണന്‍
എഡിറ്റര്‍
Friday 30th November 2012 11:15am

കൊച്ചി: ഭാവിയില്‍ കേരളത്തില്‍ ബി.ജെ.പി-സി.പി.ഐ.എം സഖ്യം ഉണ്ടാകുന്നതില്‍ ഇരുകക്ഷികള്‍ക്കും ദോഷമൊന്നുമുണ്ടാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍.

ആര്‍.എസ്.എസ് മാസികയായ കേസരിയില്‍ വന്ന ബി.ജെ.പി-സി.പി.ഐ.എം ലയനത്തെ കുറിച്ചുള്ള ലേഖനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കും സി.പി.ഐ.എമ്മിനും ശക്തമായ ഹിന്ദുത്വ അടിത്തറയുണ്ട്. ഇരു പാര്‍ട്ടികളും തമ്മിലുള്ള ശത്രുതയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത് യു.ഡി.എഫ് ആണ്. കേരളത്തില്‍ സി.പി.ഐ.എം ക്ഷയിച്ച് കൊണ്ടിരിക്കുകയാണെന്നും അതേസമയം ബി.ജെ.പി വികസനത്തിന്റെ പാതയിലായിലാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

അതിനാല്‍ തന്നെ കഴിഞ്ഞ കാലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഇരുപാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നും രാധാകൃഷ്ണന്‍ പറയുന്നു. ഒരു പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതിലും ബി.ജെ.പി എതിരല്ല. തങ്ങളുടേത് രാഷ്ട്രീയമായി ഒരു പ്രായോഗിക പാര്‍ട്ടിയാണെന്നും അദ്ദഹേം പറഞ്ഞു.

ബി.ജെ.പി മുന്‍ നേതാവ് പറഞ്ഞത് പോലെ ബി.ജെ.പിക്ക് രാഷ്ട്രീയ ശത്രുക്കളില്ലെന്നും രാഷ്ട്രീയ എതിരാളികള്‍ മാത്രമേ ഉള്ളൂവെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി.

കേരളത്തില്‍ ആര്‍.എസ്.എസ്സിന് ഏതാണ്ട് 6000 ശാഖകളുണ്ട്.  ഇത് ആര്‍.എസ്.എസ്സിന്റെ കേന്ദ്രമായ മഹാരാഷ്ട്രയേക്കാള്‍ കൂടുതലാണ്. മറ്റ് ഹിന്ദുസംഘടനകള്‍ ഉള്‍പ്പെടാതെയാണിത്. ഇങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് എന്തുകൊണ്ട് കേരളം ഭരിച്ചുകൂടായെന്നും അദ്ദേഹം ചോദിക്കുന്നു.

കേരളത്തിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് പരസ്പര സഹകരണത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ ഏറെ ശക്തമായിരിക്കുന്ന കേരളം പൊലൊരു സംസ്ഥാനത്ത് ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ദേശീയ പാര്‍ട്ടിക്ക് ഇടം നേടാന്‍ അല്‍പ്പം പ്രയാസമാണെന്നും രാധാകൃഷ്ണന്‍ പറയുന്നു. ബി.ജെ.പിക്കകത്ത് ഉള്‍പ്പോരില്ലെന്നും ഇതൊക്കെ മാധ്യമസൃഷ്ടികളാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടിയുടെ അടിവേര് വ്യാപകവും ശക്തമാണെന്നും നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 30,000 അധിക വോട്ട് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി സഖ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ ലഭിച്ച സാഹചര്യത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഈ സഖ്യം നിര്‍ണായക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ മുസ്‌ലീംകള്‍ക്ക് എതിരല്ലെന്നും പണക്കാരായ മുസ്‌ലീംകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമണ്ണ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് യുവ മോര്‍ച്ച നേതാവ് ശോഭ സുരേന്ദ്രന്റെ പ്രഖ്യാപനം പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം യുവ മോര്‍ച്ചയുടേത് മാത്രമാണെന്നും സദാചാര പോലീസ് കളിക്കാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ബി.ജെ.പി ധ്രുതഗതിയില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും രാധാകൃഷ്ണന്‍ വ്യക്തമാക്കി. ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement