തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിന്റെ ആവശ്യമില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇതെന്നും കടുത്ത വെല്ലുവിളികള്‍ നേരിടാന്‍ പ്രവര്‍ത്തകരെ സജ്ജരാക്കേണ്ടതുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

‘കാത്തിരിപ്പിന് അന്ത്യമായതില്‍ സന്തോഷമുണ്ട്. ഇതില്‍ സന്തോഷിക്കേണ്ട ആള്‍ ഇല്ലാത്തതില്‍ ദു:ഖമുണ്ട്. ഇത്രയും നാള്‍ എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ നേടാനായി. കോണ്‍ഗ്രസിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചപ്പോള്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഗുണഫലം തട്ടിയെടുക്കാനാണോ എന്ന് സംശയമുണ്ടായി.

പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ യു.ഡി.എഫിനായി പ്രവര്‍ത്തിച്ചു. ഇതോടെ എല്ലാവരുടേയും സംശയം അവസാനിച്ചു. കുറച്ച് ദു: ഖങ്ങള്‍ അനുഭവിച്ചെങ്കിലും എല്ലാ വിഭാഗക്കാരുടേയും പിന്തുണ നേടാനായി, പാര്‍ട്ടിയെ നയിക്കാനുള്ള ശക്തി നേതൃത്വത്തിനുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടിക്കൊടുക്കാനായി ശ്രമിക്കുമെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നോടൊപ്പം വരുന്നവരെ രണ്ടാം തരം പൗരന്‍മാരായി കാണരുത്. മൂന്ന് രൂപയുടെ പാര്‍ട്ടി അംഗത്വം മാത്രമേ താന്‍ ആഗ്രഹിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.