മുംബൈ: ബോളിവുഡ് നടീനടന്‍മാര്‍ക്ക് വാടകയ്ക്ക് താമസിക്കാന്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ബോളിവുഡില്‍ അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങളാണ് ഫ്‌ളാറ്റ് ഉടമകളെ അഭിനേതാക്കളില്‍ നിന്നകറ്റുന്നത്.

ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന മിക്കസിനിമാക്കാരോടും നിലവിലെ കരാര്‍ അവസാനിച്ചാലുടന്‍ ഒഴിഞ്ഞ് പോകണമെന്ന് ഉടമകള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കരണ്‍, കാക്കദ്, ചെറുകിട നടനായ അഞ്ജു ടിക്കുവിന്റെ പിതാര് അരുണ്‍ ടിക്കു, പ്രൊഡക്ഷന്‍ ഹൗസ് എക്‌സിക്യുട്ടീവ് നീരജ് ഗോവര്‍, മീനാക്ഷി താപ്പ എന്നിവരുടെ ദാരുണ കൊലപാതകങ്ങളാണ് സിനിമാക്കാരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. നീരജിന്റെ മരണത്തില്‍ നടി മരിയാ സുസൈരാജും കാമുകനും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

സിനിമാക്കാരുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന ഓഷിവാര, അന്ധേരി, ലോകന്ധ്വാല, വെര്‍സോല, മലഡ് എന്നിവിടങ്ങളിലാണ് നടീനടന്മാര്‍ ഏറ്റവും കൂടുതല്‍ താമസിക്കാന്‍ തിരഞ്ഞെടുക്കുന്നത്. സ്റ്റുഡിയോകളും മറ്റുസിനിമാ പ്രവര്‍ത്തനങ്ങളും കൂടുതലായി ഉള്ളത് ഇവിടെയാണ്. എന്നാല്‍ അടുത്തിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ സിനിമാക്കാരെ മാറ്റി നിര്‍ത്തുകയാണെന്ന് ബ്രോക്കറായ രാകേഷ് പായും പറഞ്ഞു.

നീരജ് ഗോവര്‍ കൊല്‌കേസാണ് ഉടമകളെ ഏറ്റവുമധികം ഭീതിയിലാഴ്ത്തിയതെന്ന് വെര്‍സോവയിലെ ഹൗസിംഗ് സൊസൈറ്റി ചെയര്‍മാന്‍ അമൃത് താക്കൂര്‍ പറഞ്ഞു. എന്തുകൊണ്ടാണ് മരിയ സുസെരാജിനെപ്പോലുള്ളവര്‍ അതില്‍ പങ്കുകൊണ്ടതെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ഇതൊക്കെ കൊണ്ടാണ് നടീനടന്‍മാരെ വാടകയ്ക്കാരാക്കേണ്ടെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാക്കാരില്‍ ഭൂരിപക്ഷവും ലേറ്റ്‌നൈറ്റ് പാര്‍ട്ടികളും കാമുകന്മാരുമൊക്കെയായി ബഹളംവച്ചു കഴിയുന്നവരാണ് ഇതിലേറെയും. അതുകൊണ്ടുതന്നെ ഇവര്‍ ബുദ്ധിമുട്ടായി മാറാറുണ്ടെന്നു ഓഷിവാരയിലെ ബില്‍ഡിംഗ് സെക്രട്ടറി ഗൗതം ബിമാനി പറഞ്ഞു.

സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണു താമസം നല്‍കാന്‍ താല്‍പര്യം. എന്നാല്‍ ഇവരുടെ കുടുംബഫോട്ടോയും സ്ഥിരം താമസിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടും ജോലി സ്ഥലത്തേക്കുറിച്ചുള്ള വിവരങ്ങളും കര്‍ശനമായി ചോദിച്ചുവാങ്ങാറുണ്ട്. കക്കദിന്റെയും ടിക്കുവിന്റെയും മരണത്തെത്തുടര്‍ന്ന് ഹൗസിംഗ് സൊസൈറ്റികള്‍ക്കുണ്ടായ പൊല്ലാപ്പ് ചില്ലറയല്ല. ഇതുകൊണ്ടുണ്ടാകുന്ന ദുഷ്‌കീര്‍ത്തി ഒഴിവാക്കാന്‍ മുന്‍കരുതല്‍ തന്നെയാണ് നല്ലതെന്നും ബിമാനി വ്യക്തമാക്കി.

Malayalam News

Kerala News in English