കൊച്ചി: അന്യസംസ്ഥാനലോട്ടറിയുടെ പ്രമോട്ടറായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്നും പിഴ ഈടാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചു. രണ്ട് കോടി രൂപ പിഴ ഈടാക്കാനുള്ള നികുതിവകുപ്പിന്റെ തീരുമാനം റദ്ദാക്കുകയും പിടിച്ചെടുത്ത ലോട്ടറികള്‍ വിട്ടുകൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന ലോട്ടറികളാണ് വാളയാര്‍ ചെക്‌പോസ്റ്റില്‍ വച്ച് നികുതിവകുപ്പ് പിടിച്ചെടുത്തത്. ലോട്ടറി അനധികൃതമായാണ് കടത്തിയതെന്നാരോപിച്ച് നികുതിവകുപ്പ് ഇത് കണ്ടുകെട്ടിയിരുന്നു. തുടര്‍ന്ന് വന്‍തുക പിഴയടക്കാനും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.

രണ്ടാഴ്ച്ചയായി കോടതി വിഷയത്തില്‍ വാദംകേള്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി വിധിപ്രഖ്യാപിച്ചത്.