കൊച്ചി: ഭൂമി നികത്താന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ വി.എസ് അച്ച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈക്കം വടയാറില്‍ ഭൂമി നികത്താന്‍ അനുമതി വാങ്ങുന്നതിന് അരുണ്‍ കുമാറും മുന്‍ ഗവണ്‍മെന്റ് പ്ലീഡറും ചേര്‍ന്ന് 80 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സന്തോഷ് മാധവനാണ് ആരോപിച്ചത്.

ജയിലില്‍ നിന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് സന്തോഷ് മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 120 ഏക്കര്‍ പാടം നികത്തുന്നതിന് അനുമതി വാങ്ങി നല്‍കുന്നതിന് അരുണ്‍ കുമാറിന് 70 ലക്ഷം രൂപയും ഗവണ്‍മെന്റ് പ്ലീഡര്‍ക്കു 10 ലക്ഷം രൂപയും നല്‍കിയെന്നാണ് ആരോപണം.

പാടം നികത്തുന്നതിന് അനുമതി വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നു പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്നെ കേസില്‍ കുടുക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇതെക്കുറിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ തെളിവില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. സന്തോഷ് മാധവന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.